മെൽബൺ: നിയമവിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി വിക്ടോറിയ സർക്കാർ. ഇത്തരം കടകൾ ഉദ്യോഗസ്ഥർക്കും പൊലീസിനും ഉടൻ തന്നെ പൂട്ടാൻ അധികാരം നൽകുന്ന പുതിയ നിയമങ്ങൾക്ക് തുടക്കമായി. പ്രാരംഭ ഘട്ടത്തിൽ കടകൾ 90 ദിവസം വരെ അടച്ചിടാനാണ് തീരുമാനം. കോടതിയുടെ ഉത്തരവിലൂടെ കൂടുതൽ കാലത്തേക്ക് ഇവ അടച്ചിടാൻ സാധിക്കും. നിയമലംഘനം നടത്തുന്ന ബിസിനസുകളുടെ വിവരങ്ങൾ ഓൺലൈനായി പരസ്യപ്പെടുത്തും.
ഉത്തരവുകൾ ലംഘിക്കുന്നവർക്ക് 2.5 ദശലക്ഷം ഡോളർ വരെ പിഴയും 20 വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്നതാണ്. ഇതിനോടകം തന്നെ 10.6 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ അനധികൃതമായി വേപ്പുകളോ (vapes) നിക്കോട്ടിൻ പൗച്ചുകളോ വിൽക്കുന്ന കടകൾക്ക് ഈ പുതിയ നിയമങ്ങൾ ബാധകമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യവ്യാപകമായി പുകയില നികുതിയെച്ച ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഈ പുതിയ നടപടി. കറുത്ത വിപണിയെ പൂർണ്ണമായി തകർക്കാൻ പുകയില എക്സൈസ് നികുതി 80% കുറയ്ക്കണമെന്നാണ് സഖ്യകക്ഷികളുടെ നിർദ്ദേശം. 75% കുറവും മൂന്ന് വർഷത്തെ നികുതി വർദ്ധന മരവിപ്പിക്കലുമാണ് വൺ നേഷൻ ആവശ്യപ്പെടുന്നത്. എന്നാൽ പൊതുജനാരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കി നികുതി കുറയ്ക്കുന്നതിനെ വിക്ടോറിയൻ സർക്കാർ എതിർത്തു. നിയമവിരുദ്ധ പുകയില വ്യാപാരം സത്യസന്ധരായ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുകയും സംഘടിത കുറ്റകൃത്യങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഇതിന് യഥാർത്ഥ പരിഹാരം എന്താണെന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. സ്ഥിരമായി കടകൾ അടച്ചുപൂട്ടുന്നതും കടുത്ത നിയമനടപടികളുമാണോ, അതോ പുകയില നികുതിയിൽ വൻ കുറവ് വരുത്തുകയാണോ കറുത്ത വിപണിയെ തകർക്കാൻ പോംവഴി എന്ന ചർച്ചയാണ് ഇത് വീണ്ടും സജീവമാക്കിയിരിക്കുന്നത്.

