എഡിറ്റോറിയൽ: ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട് (ചീഫ് എഡിറ്റർ )
സാധ്യതകളും യാഥാർഥ്യങ്ങളും
കടൽ കടന്ന് ഓസ്ട്രേലിയയുടെ വിസ്തൃതിയിലെയ്ക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം മുൻപെങ്ങുമില്ലാത്തവിധം വർധിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മെൽബണിലെയും സിഡ്നിയിലെയും തെരുവുകളിൽ ഇന്ന് മലയാളവും തമിഴും ഹിന്ദിയും ഒരേപോലെ മുഴങ്ങിക്കേൾക്കുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സാമ്പത്തിക-നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലെത്തി നിൽക്കുമ്പോൾ, അതിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് മെച്ചപ്പെട്ട ജീവിതവും തൊഴിലും സ്വപ്നം കണ്ട് അങ്ങോട്ടേക്ക് വിമാനം കയറുന്ന നമ്മുടെ യുവതലമുറയാണ്.
ഇന്ത്യൻ പ്രതിഭകളെ വരവേൽക്കാൻ ഓസ്ട്രേലിയൻ ഭരണകൂടം തങ്ങളുടെ കുടിയേറ്റ നയങ്ങളിൽ വരുത്തിയ സുപ്രധാന മാറ്റങ്ങൾ വലിയ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്.
- മേറ്റ്സ് (MATES) പദ്ധതി: യുവാക്കളായ ഇന്ത്യൻ പ്രൊഫഷണലുകൾക്കായി കൊണ്ടുവന്ന ഈ പദ്ധതിയിലൂടെ, ഒരു തൊഴിൽദാതാവിൻ്റെ സ്പോൺസർഷിപ്പ് ഇല്ലാതെ തന്നെ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓസ്ട്രേലിയയിൽ രണ്ട് വർഷം ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റിന്യൂവബിൾ എനർജി, ഫിൻടെക്, അഗ്രിടെക് തുടങ്ങിയ അത്യാധുനിക മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് ഇത് സുവർണാവസരമാണ്.
പഠനാനന്തര തൊഴിൽ വിസകളും അവസരങ്ങളും അറിഞ്ഞിരിക്കെണ്ടതാണ്. ഉന്നത വിദ്യാഭ്യാസ കരാറുകളുടെ ഭാഗമായി, ഓസ്ട്രേലിയയിൽ പഠനം പൂർത്തിയാക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തങ്ങളുടെ ബിരുദത്തിനനുസരിച്ച് കൂടുതൽ കാലം അവിടെ തുടർന്ന് ജോലി ചെയ്യാനുള്ള അർഹത ലഭിക്കുന്നു.
തൊഴിൽ അധിഷ്ട്ടിത കുടിയേറ്റം പ്രധനമായും ആരോഗ്യം, എഞ്ചിനീയറിംഗ്, അധ്യാപനം, നിർമ്മാണ മേഖല തുടങ്ങിയ രംഗങ്ങളിൽആണെങ്കിലും യോഗ്യരായ ഇന്ത്യക്കാർക്ക് പി.ആർ (Permanent Residency) ലഭിക്കാനുള്ള സാധ്യതകൾ വിപുലമാണ്.
എന്നാൽ, ഈ മിന്നുന്ന വിജയത്തിന് പിന്നിൽ നാം കാണാതെ പോകരുതാത്ത കഠിനമായ ചില യാഥാർഥ്യങ്ങളുമുണ്ട്. വലിയ തുക മുടക്കി സ്റ്റുഡൻ്റ് വിസയിലെത്തുന്ന പല സാധാരണക്കാരായ വിദ്യാർഥികളും വിസ നിയമങ്ങളിലെ കർശനമായ നിയന്ത്രണങ്ങൾ, വൻതോതിൽ വർധിച്ച ജീവിതച്ചെലവ്, താമസസൗകര്യങ്ങളുടെ ദൗർലഭ്യം എന്നിവ കാരണം കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ഉയർന്ന വാടകയും പണപ്പെരുപ്പവും കാരണം പ്രതീക്ഷിച്ച വരുമാനം കണ്ടെത്താൻ പലരും പാടുപെടുന്നു.
അതുകൊണ്ടുതന്നെ, കുടിയേറ്റം ഒരു അന്ധമായ എടുത്തുചാട്ടമാകരുത്. വ്യാജ ഏജൻസികളുടെ മോഹനവാഗ്ദാനങ്ങളിൽ വീഴാതെ, കൃത്യമായ യോഗ്യതയും ഭാഷാ നൈപുണ്യവും നേടി, നിയമപരമായ വഴികളിലൂടെ മാത്രം മുന്നോട്ടുപോവുക. വിദേശത്ത് നമ്മുടെ യുവാക്കൾ ചെലുത്തുന്ന അധ്വാനവും വൈദഗ്ധ്യവും ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമ്പോൾ, ശരിയായ അറിവും ആസൂത്രണവുമാണ് ആ വിജയത്തിലേക്കുള്ള യഥാർത്ഥ വഴികാട്ടി.

