പ്രേമാഭ്യർഥന നിരസിച്ച എയർബിഎൻബി ഉടമയെ കൊലപ്പെടുത്തി വീടിന് തീയിട്ടു; പ്രതിക്ക് 17 വർഷം തടവ് ശിക്ഷ

മെൽബൺ: തന്നോട് അടുപ്പം പുലർത്താൻ വിസമ്മതിച്ച എയർബിഎൻബി (Airbnb) ഉടമയായ മധ്യവയസ്കയെ കൊലപ്പെടുത്തി വീടിന് തീയിട്ട കേസിൽ പ്രതിക്ക് 17 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മൂന്ന് മക്കളുടെ മാതാവായ മേരി വെർമോണ്ട് (60) എന്ന വിക്ടോറിയൻ സ്വദേശിനിയെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഇരയാക്കിയ കേസിൽ ബ്രിട്ടീഷ് വംശജനായ ഓസ്‌ട്രേലിയൻ പൗരൻ തിമോത്തി ലൂസ്മോറിനാണ് (63) കോടതി ശിക്ഷ വിധിച്ചത്. പത്തു വർഷത്തെ തടവിന് ശേഷം പ്രതിക്ക് പരോളിന് അർഹതയുണ്ടാകും.

പ്രതിയുമായി അടുത്ത ബന്ധം പുലർത്താൻ താൽപ്പര്യമില്ലെന്ന് മേരി വെർമോണ്ട് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു സംഭവം. കിൽമോറിന് സമീപമുള്ള ഗോൾഡിയിലെ വീട്ടിൽ വെച്ച് ദിവസങ്ങൾക്കകം ഇയാൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കാനായി മേരിയുടെ വീടിന് പ്രതി മനഃപൂർവം തീയിട്ടു. മേരിയുടെ കുടുംബം പതിറ്റാണ്ടുകൾ കൊണ്ട് കഷ്ടപ്പെട്ട് നിർമ്മിച്ച വീടാണ് ഇയാൾ ചാമ്പലാക്കിയത്. തുടർന്ന് ചാരക്കൂമ്പാരത്തിനിടയിൽ നിന്നാണ് മേരിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് ആൻഡ്രൂ ടിന്നി, വീടിന് തീയിട്ട നടപടിയെ “ക്രൂരവും ഭയാനകവുമായ പ്രവൃത്തി” എന്നാണ് വിശേഷിപ്പിച്ചത്. ചെയ്ത തെറ്റിൽ പ്രതിക്ക് യാതൊരുവിധ പശ്ചാത്താപവുമില്ലെന്നും കോടതി കണ്ടെത്തി. ഒരാളുടെ ജീവനെടുക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ഇത്തരമൊരു ഭീകരമായ കുറ്റകൃത്യത്തിന് പത്തു വർഷത്തെ ജയിൽവാസത്തിന് ശേഷം പരോൾ അനുവദിക്കുന്നത് നീതിപൂർവ്വമാണോ എന്ന ചോദ്യവും അതൃപ്തിയും വിധിയെ തുടർന്ന് ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *