അമ്മയെ ആക്രമിച്ച് കാറും കുഞ്ഞിനെയും തട്ടിയെടുത്ത സംഭവം; പ്രതി പിടിയിൽ

മെൽബൺ: റോഡരികിൽ സഹായം അഭ്യർഥിച്ചെത്തിയ അപരിചിതനെ സഹായിക്കാൻ വാഹനം നിർത്തിയ യുവതിയെ ആക്രമിച്ച് ഏഴു മാസം പ്രായമുള്ള കുഞ്ഞടങ്ങുന്ന കാർ തട്ടിയെടുത്തു. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ സ്വാൻ ഹില്ലിന് സമീപമുള്ള ബെവർഫോർഡിൽ മുറെ വാലി ഹൈവേയിലാണ് സംഭവം നടന്നത്.

ബുധനാഴ്ച രാവിലെ 11.10-ഓടെ 51-കാരനായ പ്രതി ഹൈവേയിൽ കൈകാണിച്ച് 36-കാരിയായ യുവതിയുടെ കാർ നിർത്തുകയായിരുന്നു. സഹായിക്കാനായി കാറിൽ നിന്നിറങ്ങിയ യുവതിയെ ഇയാൾ അക്രമിക്കുകയും തുടർന്ന് അവരുടെ കുഞ്ഞടങ്ങുന്ന ഹോൾഡൻ കൊമോഡോർ കാറുമായി കടന്നുകളയുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന് അല്പം അകലെ ഹൈവേയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ വഴിയാത്രക്കാരൻ കണ്ടെത്തുകയായിരുന്നു. ഭാഗ്യവശാൽ കുഞ്ഞിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല; അമ്മയ്ക്ക് നിസ്സാര പരിക്കേറ്റു.

മണിക്കൂറുകൾക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയ പോലീസ്, തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കാർ തട്ടിയെടുക്കൽ, കുട്ടിയെ തട്ടിക്കൊണ്ടുപോകൽ, ആക്രമണം, ജാമ്യത്തിലിരിക്കെ ഗുരുതരമായ കുറ്റകൃത്യം ചെയ്യൽ എന്നിവയുൾപ്പെടെ പത്ത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ് ഈ അതിക്രമം നടത്തിയതെന്നും നിലവിൽ ഇയാൾ കസ്റ്റഡിയിലാണെന്നും പോലീസ് അറിയിച്ചു. ജാമ്യത്തിലിരിക്കെ ഇത്തരം ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പരോളില്ലാത്ത നിർബന്ധിത തടവുശിക്ഷ നൽകണമെന്ന ആവശ്യവും ഇതോടെ വീണ്ടും ചർച്ചയാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *