പ്രൊഫ. ജയിംസ് വി. ജോർജ് മെമ്മോറിയൽ ഇന്റര്‍ കോളേജ് ഫുട്ബോൾ ടൂർണമെന്റ്; എസ് എച്ച് തേവരയ്ക്ക് കിരീടം

തൊടുപുഴ: രണ്ടാമത് പ്രൊഫ. ജയിംസ് വി. ജോർജ് മെമ്മോറിയൽ ഓൾ കേരള ഇന്റര്‍ കോളേജ് ഫുട്ബോൾ ടൂർണമെന്റിൽ എസ് എച്ച് തേവര കിരീടം ചൂടി. ആവേശകരമായ ഫൈനൽ മത്സരത്തിൽ യു സി കോളേജ് ആലുവയെ പരാജയപ്പെടുത്തിയാണ് എസ് എച്ച് തേവര ജേതാക്കളായത്. തൊടുപുഴ സോക്കർ സ്കൂളും അൽ അസ്ഹർ ആർട്സ് ആൻഡ് സയൻസ് കോളേജും ഫ്യൂജി ഗംഗ തൊടുപുഴയും സംയുക്തമായി സംഘടിപ്പിച്ച ടൂർണമെന്റിൽ കേരളത്തിലെ പ്രമുഖരായ 14 കോളേജ് ടീമുകൾ പങ്കെടുത്തു.

വിജയികൾക്കുള്ള വിന്നേഴ്സ് ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും ഇടുക്കി എം എൽ എ റോയി കെ പൗലോസ് വിതരണം ചെയ്തു. റണ്ണേഴ്സ് ട്രോഫിയും 5,000 രൂപ ക്യാഷ് അവാർഡും ഇടുക്കി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച താരമായി റോഷിത് ജോഷിയെ തിരഞ്ഞെടുത്തു. അർഷാദ് മികച്ച ഗോൾകീപ്പറായും, റാഫേൽ ലിയാൻ മികച്ച ഡിഫൻഡറായും, ശരൺദേവ് പി.എം മികച്ച മിഡ്ഫീൽഡറായും, റിജോയ് മികച്ച ഫോർവേഡായും പുരസ്കാരങ്ങൾ നേടി. ടൂർണമെന്റിന് മികച്ച മെഡിക്കൽ പിന്തുണ നൽകിയ അൽ അസ്ഹർ മെഡിക്കൽ കോളേജ്, ജില്ലാ ആയുർവേദ ഹോസ്പിറ്റലിലെ സ്പോർട്സ് ആയുർവേദ സെന്റർ എന്നിവരെയും മത്സരങ്ങൾ നിയന്ത്രിച്ച റഫറിമാരെയും ചടങ്ങിൽ ആദരിച്ചു.

സമാപന സമ്മേളനത്തിൽ സോക്കർ സ്കൂൾ ഡയറക്ടറും ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായ പി.എ സലിം കുട്ടി അധ്യക്ഷത വഹിച്ചു. ഫ്യൂജി ഗംഗ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ സ്വാഗതം ആശംസിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറാ ജലീൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ്, ഫ്യൂജി ഗംഗ സെക്രട്ടറി സുനിൽ രാജ്, ഡി എഫ് എ സെക്രട്ടറി സജീവ് എം.എച്ച്, സോക്കർ സ്കൂൾ പരിശീലകരായ അമൽ വി.ആർ, അനന്തു ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *