എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; ജയ്പൂരിൽ അടിയന്തര ലാൻഡിങ് നടത്തി

ജയ്പൂർ: ഭോപ്പാലിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് രാജസ്ഥാനിലെ ജയ്പൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. AI1886 നമ്പർ വിമാനത്തിന്റെ എഞ്ചിനിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൈലറ്റ് അടിയന്തിരമായി റൂട്ട് മാറ്റാൻ തീരുമാനിച്ചത്. ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിൽ നിന്ന് രാവിലെ എട്ടരയോടെ യാത്ര തിരിച്ച വിമാനമാണ് യാത്രാമധ്യേ അടിയന്തിര സാഹചര്യത്തെ തുടർന്ന് ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്.

140 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടയുടൻ പൈലറ്റ് ജയ്പൂർ എയർ ട്രാഫിക് കൺട്രോളുമായി (ATC) ബന്ധപ്പെട്ട് ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. തുടർന്ന് ജയ്പൂർ വിമാനത്താവളത്തിൽ താൽക്കാലികമായി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ആംബുലൻസുകളും അഗ്നിശമന സേനാ വാഹനങ്ങളും ഉൾപ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങൾ സജ്ജമാക്കുകയും ചെയ്തു. എല്ലാ മുന്നൊരുക്കങ്ങൾക്കും ശേഷം രാവിലെ 9.40-ഓടെ വിമാനം ജയ്പൂരിൽ സുരക്ഷിതമായി നിലത്തിറക്കി.

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും എയർലൈൻ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനം ജയ്പൂരിൽ നിർത്തിയിട്ട് സാങ്കേതിക വിദഗ്ദ്ധരുടെ നേതൃത്വത്തിൽ വിശദ പരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്. യാത്രക്കാരെ മറ്റ് സംവിധാനങ്ങൾ വഴി എത്രയും വേഗം ഡൽഹിയിൽ എത്തിക്കാനുള്ള ബദൽ ക്രമീകരണങ്ങൾ എയർ ഇന്ത്യ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *