ന്യൂഡൽഹി: പാകിസ്ഥാന്റെ വ്യോമതാവളങ്ങളും കമാൻഡ് സെന്ററുകളും തകർത്തുതരിപ്പണമാക്കിയും 314 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം വീഴ്ത്തി ചരിത്രനേട്ടം കുറിച്ചും ഇന്ത്യൻ വ്യോമസേന നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സംബന്ധിച്ച വിവരങ്ങൾ പ്രതിരോധ മന്ത്രാലയത്തിന്റെ 2025-26 വാർഷിക റിപ്പോർട്ടിൽ പുറത്തുവിട്ടു. കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് മറുപടിയായാണ് മെയ് 7-ന് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന പ്രദേശങ്ങളിലെയും ഭീകരകേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയത്. തുടർന്ന് ഇന്ത്യൻ സൈനിക സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതോടെ, പാകിസ്ഥാന്റെ വ്യോമതാവളങ്ങളും റൺവേകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും പൂർണ്ണമായി തകർക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ വ്യോമസേന കാമ്പെയ്ൻ വ്യാപിപ്പിക്കുകയായിരുന്നു.
മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം മെയ് 10-ന് പോർവിമാനങ്ങൾ സൂക്ഷിച്ചിരുന്ന നാല് ഹാംഗറുകൾ, വ്യോമ നിരീക്ഷണ പ്ലാറ്റ്‌ഫോമുകൾ, വിവിധ ഡ്രോണുകൾ എന്നിവ വ്യോമസേന വിജയകരമായി തകർത്തു. ജേക്കബ്ബാബാദിൽ പാക് എയർഫോഴ്സിന്റെ ഒന്നിലധികം എഫ്-16 വിമാനങ്ങളും, ഒരു എ.ഇ.ഡബ്ല്യു.എൻ.സി വിമാനവും, അകിഞ്ചി, ടിബി-2 വിഭാഗത്തിൽപ്പെട്ട ആളില്ലാ യുദ്ധവിമാനങ്ങളും നശിപ്പിക്കപ്പെട്ടു. ജേക്കബ്ബാബാദ്, ഭോലാരി, സുക്കൂർ, മുരിദ് എന്നിവിടങ്ങളിലെ താവളങ്ങൾക്ക് പുറമേ പാകിസ്ഥാന്റെ പ്രത്യാക്രമണ ശേഷി തടയാൻ സർഗോധ, റഹീം യാർ ഖാൻ എന്നിവിടങ്ങളിലെ സൈനിക റൺവേകളും തകർത്തു. 1971-ലെ യുദ്ധത്തിൽ കിഴക്കൻ പാകിസ്ഥാനിലെ വ്യോമതാവളങ്ങൾ തകർത്ത വ്യോമസേനയുടെ പ്രകടനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ നീക്കങ്ങൾ എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പാകിസ്ഥാന്റെ വ്യോമ പ്രതിരോധ കമാൻഡ് ആസ്ഥാനം സ്ഥിതി ചെയ്തിരുന്ന ചക്ലാലയിലെയും മുരിദിലെയും കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളും വ്യോമസേന പൂർണ്ണമായി തകർത്തു. ശത്രുക്കളുടെ നീക്കങ്ങളെ കൃത്യമായി തിരിച്ചറിയാനും പ്രതിരോധിക്കാനും ഇന്ത്യയുടെ തദ്ദേശീയ വ്യോമ പ്രതിരോധ ശൃംഖലയായ ഐ.എ.സി.സി.എസ് (IACCS) നിർണായക പങ്കുവഹിച്ചു. ഇതിനെല്ലാം പുറമേ, 314 കിലോമീറ്റർ അകലെയുള്ള പാകിസ്ഥാന്റെ പ്രത്യേക ദൗത്യവിമാനത്തെ തകർത്ത് ഇന്ത്യയുടെ എസ്-400 മിസൈൽ സംവിധാനം ഓപ്പറേഷൻ സിന്ദൂറിലൂടെ റെക്കോർഡ് നേട്ടം കൈവരിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

