ന്യൂഡൽഹി: ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ ലോകനേതാക്കൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ നേതൃത്വത്തിൽ ഉച്ചകോടി സംഘടിപ്പിച്ചത്. നേതാക്കളുടെ സജീവ പങ്കാളിത്തവും നിർദ്ദേശങ്ങളും കൂട്ടായ്മയ്ക്ക് കൂടുതൽ ആഴവും വ്യാപ്തിയും നൽകിയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഏകകണ്ഠമായി അംഗീകരിച്ച ‘ന്യൂഡൽഹി പ്രഖ്യാപനം’ ബ്രിക്സിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകുമെന്നും വ്യക്തമാക്കി.
മൂന്നാം പതിറ്റാണ്ടിലേക്ക് കടക്കുന്ന ബ്രിക്സിൽ നിന്ന് വെറും പ്രതിജ്ഞകളോ ആശയങ്ങളോ മാത്രമല്ല, കൃത്യമായ ഫലങ്ങളാണ് ലോകം ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൻകിട ശക്തികൾ നിർണായക സാങ്കേതികവിദ്യകളെയും അത്യപൂർവ്വ ധാതുക്കളെയും ആയുധമാക്കുന്ന പ്രവണതയ്ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം നിയന്ത്രണങ്ങൾ രാജ്യങ്ങളുടെ പങ്കാളിത്ത വളർച്ചയെയും ആഗോള പുരോഗതിയെയും തടസ്സപ്പെടുത്തുമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന സാങ്കേതിക മുന്നേറ്റമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിക്സ് രാജ്യങ്ങളുടെ കരുത്ത് അവയുടെ വൈവിധ്യത്തിലും പരസ്പര സഹകരണത്തിലുമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ആഗോള തെക്കൻ രാജ്യങ്ങളുടെ (ഗ്ലോബൽ സൗത്ത്) ശബ്ദമായി മാറാൻ ബ്രിക്സിന് കഴിഞ്ഞിട്ടുണ്ടെന്നും അവരുടെ അനുഭവങ്ങൾക്ക് ലോകം പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത വർഷത്തെ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ചൈനയ്ക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി സമാപന പ്രസംഗം പൂർത്തിയാക്കിയത്.

