ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി; 102 പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ കടലിൽ 243 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന യാത്രാക്കപ്പലായ ‘വിർഗോ ട്രാൻസ്പോർട്ട് 8’ മോശം കാലാവസ്ഥയെ തുടർന്ന് മുങ്ങി. കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് ബോർണിയോ ദ്വീപിലെ തെക്കൻ കാളിമന്ദാനിലുള്ള ബഞ്ചാർമാസിനിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കപ്പലുമായുള്ള വാർത്താവിനിമയ ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടത്. അപകട സമയത്ത് കടലിൽ മൂന്ന് മീറ്ററിലധികം ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടായിരുന്നുവെന്നും കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞുപോയതായും ക്യാപ്റ്റൻ നേരത്തെ സന്ദേശം അയച്ചിരുന്നു.

ഔദ്യോഗിക രേഖകൾ പ്രകാരം 213 യാത്രക്കാരും 30 ജീവനക്കാരും ഉൾപ്പെടെ ആകെ 243 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ബന്ധം നഷ്ടപ്പെട്ട് രണ്ട് മണിക്കൂറിന് ശേഷം കപ്പൽ കമ്പനി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ബഞ്ചാർമാസിൻ രക്ഷാപ്രവർത്തന കേന്ദ്രത്തിൽ നിന്നും പ്രത്യേക സംഘത്തെയും കപ്പലുകളെയും ദുരന്തമുഖത്തേക്ക് അയച്ചു. ബഞ്ചാർമാസിൻ തീരത്ത് നിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ വെച്ചാണ് കപ്പലിൽ നിന്നുള്ള അവസാന സിഗ്നൽ ലഭിച്ചത്.

ഞായറാഴ്ച വൈകുന്നേരത്തോടെ സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകളുടെയും ടഗ് ബോട്ടുകളുടെയും സഹായത്തോടെ 102 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കടലിൽ നിന്നും കണ്ടെടുത്തു. കാണാതായ ബാക്കി 140-ഓളം ആളുകൾക്കായി രക്ഷാപ്രവർത്തകർ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. പതിനേഴായിരത്തിലധികം ദ്വീപുകളുള്ള ഇന്തോനേഷ്യയിൽ കപ്പൽ ഗതാഗതം സജീവമാണെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നുള്ള അപകടങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *