സ്വയംപര്യാപ്തത കൈവരിച്ച യുവതിയുടെ തെറാപ്പി സഹായം വെട്ടിക്കുറച്ച് എൻ.ഡി.ഐ.എസ്; പ്രതിഷേധം ശക്തം

ബ്രിസ്‌ബേൻ: നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് സ്കീമിന്റെ (NDIS) സഹായത്തോടെ സ്വയംപര്യാപ്തതയിലേക്ക് തിരിച്ചുവന്ന ബ്രിസ്‌ബേൻ സ്വദേശിനിയായ ഇരുപത്തിയാറുകാരി ഏപ്രിൽ കോൾസന്റെ ഫിസിക്കൽ തെറാപ്പി സഹായം നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് ഏജൻസി (NDIA) വെട്ടിക്കുറച്ചു. 2019-ലുണ്ടായ സ്പൈനൽ കോഡ് ബ്ലീഡിനെ തുടർന്ന് കക്ഷത്തിന് താഴോട്ട് തളർന്നുപോയ ഏപ്രിൽ, തീവ്ര പുനരധിവാസത്തിലൂടെയാണ് (Rehabilitation) ജീവിതത്തിലേക്ക് തിരികെ എത്തിയത്. തുടർചികിത്സയിലൂടെ മുഴുവൻ സമയ ജോലിയിലേക്ക് മടങ്ങിയെത്താനും ഡ്രൈവിങ് വീണ്ടും പഠിച്ചെടുക്കാനും സപ്പോർട്ട് വർക്കർമാരുടെ സഹായം ആഴ്ചയിൽ വെറും നാല് മണിക്കൂറായി ചുരുക്കാനും ഇവർക്ക് സാധിച്ചിരുന്നു.

എന്നാൽ, ആഴ്ചയിൽ ആറ് മണിക്കൂർ ലഭിച്ചിരുന്ന ഫിസിക്കൽ തെറാപ്പി സഹായം എൻ.ഡി.ഐ.എ രണ്ട് മണിക്കൂറായി വെട്ടിക്കുറയ്ക്കുകയായിരുന്നു. പുനരധിവാസ ചികിത്സ തുടരണമെന്ന് ഡോക്ടർമാരും തെറാപ്പിസ്റ്റുകളും ശക്തമായി ശുപാർശ ചെയ്തിട്ടും അധികൃതർ ഇത് ചെവിക്കൊണ്ടില്ല. കൂടാതെ, വീടിന് മുൻപിൽ സ്ഥാപിക്കാനായി ആവശ്യപ്പെട്ട അയ്യായിരം ഡോളറിന്റെ റീപ്ലേസ്‌മെന്റ് ആക്സസ് റാമ്പും നിഷേധിച്ചു. ഏപ്രിലിന് ആവശ്യമായ അധിക സഹായങ്ങൾ ‘മൂല്യത്തിനൊത്തതല്ല’ (Value for Money) എന്ന് ചൂണ്ടിക്കാട്ടിയാണ് ഏജൻസി നടപടിയെടുത്തതെന്നാണ് റിപ്പോർട്ടുകൾ.

എൻ.ഡി.ഐ.എസ് പദ്ധതിക്കുള്ളിലെ തട്ടിപ്പുകളും ക്രമക്കേടുകളും സംബന്ധിച്ച വാർത്തകൾ നിരന്തരം പുറത്തുവരുന്നതിനിടയിലാണ് യഥാർത്ഥത്തിൽ അർഹതയുള്ള ആളുകൾക്ക് നേരെ ഇത്തരം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്ന ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പകരം, സ്വയം പര്യാപ്തത നേടി ജോലി ചെയ്യാനും സമൂഹത്തിൽ സ്വതന്ത്രമായി ഇടപെടാനും ശ്രമിക്കുന്ന ആളുകളുടെ അടിയന്തര സഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ വ്യാപകമായ വിമർശനവും ചർച്ചകളുമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *