മസൂദ് അസ്ഹറിനെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തി പാകിസ്ഥാൻ; പിടികൂടുന്നവർക്ക് 70 ലക്ഷം രൂപ പാരിതോഷികം

ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ 2026ലെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി പാകിസ്ഥാൻ. പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (FIA) പുറത്തിറക്കിയ പുതിയ ‘റെഡ് ബുക്ക്’ പട്ടികയിലാണ് അസ്ഹറിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. അസ്ഹറിനെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് നൽകുന്ന പാരിതോഷികം 20 ലക്ഷം പാകിസ്ഥാൻ രൂപ വർധിപ്പിച്ച് 70 ലക്ഷം രൂപയാക്കിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2021ൽ അസ്ഹറിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് 50 ലക്ഷം പാകിസ്ഥാൻ രൂപ പാരിതോഷികം FIA പ്രഖ്യാപിച്ചിരുന്നു. പുതിയ പട്ടികയിൽ ഇയാളെ ‘ഫ്യൂജിറ്റീവ്’ അഥവാ ഒളിവിലുള്ളയാൾ എന്ന നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അസ്ഹർ നിലവിൽ പാകിസ്ഥാനിലില്ലെന്നും അഫ്ഗാനിസ്ഥാനിലേക്ക് കടന്നെന്നുമാണ് പാകിസ്ഥാൻ 2021 മുതൽ അവകാശപ്പെട്ടിരുന്നത്.

ഇന്ത്യയിൽ നടന്ന പാർലമെന്റ് ആക്രമണം, പത്താൻകോട്ട് ആക്രമണം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ സംഭവങ്ങളുമായി മസൂദ് അസ്ഹറിനെയും ജെയ്ഷെ മുഹമ്മദിനെയും ബന്ധപ്പെടുത്തി ഇന്ത്യ നേരത്തെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയും അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. 1999ൽ കാണ്ഡഹാർ വിമാനറാഞ്ചലിനുശേഷം തടവിലായ യാത്രക്കാരെ മോചിപ്പിക്കുന്നതിനുള്ള ധാരണയുടെ ഭാഗമായി ഇന്ത്യ മോചിപ്പിച്ച ഭീകരരിൽ ഒരാളായിരുന്നു അസ്ഹർ.

അതേസമയം, ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (FATF) പ്ലീനറി യോഗത്തിന് മുന്നോടിയായാണ് പാകിസ്ഥാന്റെ നടപടി ഉണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്. ഭീകരവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനുള്ള നടപടികളാണ് FATF വിലയിരുത്തുന്നത്. പാകിസ്ഥാൻ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പട്ടിക പുതുക്കിയതെന്ന വിലയിരുത്തലും പുറത്തുവന്നിട്ടുണ്ട്.

പുതിയ FIA പട്ടികയിൽ 2008ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ 19 പേരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ബോട്ടുകളുടെ യാത്രയും ആക്രമണത്തിന് ആവശ്യമായ സാമ്പത്തിക സഹായവും ഒരുക്കിയവരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അസ്ഹർ പാകിസ്ഥാനിൽ തന്നെയുണ്ടെന്ന നിലപാട് നേരത്തെ സ്വീകരിച്ചിരുന്നുവെങ്കിലും, പാകിസ്ഥാൻ ഔദ്യോഗികമായി അദ്ദേഹം അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി അവകാശപ്പെട്ടിരുന്നു. പുതിയ പട്ടികയിൽ അസ്ഹറിനെ ഉൾപ്പെടുത്തിയതോടെ ഇയാളെ സംബന്ധിച്ച പാകിസ്ഥാന്റെ നിലപാട് വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *