ഓപ്പറേഷൻ സിന്ദൂർ: പാക് വ്യോമതാവളങ്ങൾക്കെതിരെ ഇന്ത്യ തിരിച്ചടിച്ചതായി സ്ഥിരീകരണം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ വിവിധ വ്യോമതാവളങ്ങൾക്കെതിരെ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. 2025 മേയ് 10ന് പാകിസ്ഥാൻ നടത്തിയ മിസൈൽ, ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇന്ത്യൻ സേന പാക് വ്യോമതാവളങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങൾ, സൈനിക അടിസ്ഥാനസൗകര്യങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടതെന്ന് മന്ത്രാലയത്തിന്റെ രേഖയിൽ പറയുന്നു.

ചക്ലാല, സർഗോധ, റഫീഖി, റഹീം യാർ ഖാൻ, ജേക്കബാബാദ്, സുക്കൂർ, ഭോലാരി എന്നിവിടങ്ങളിലെ വ്യോമതാവളങ്ങൾ ആക്രമണത്തിന് വിധേയമായതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യൻ വ്യോമസേനയുടെ നടപടി വിജയകരമായി പൂർത്തിയാക്കിയെന്നും രേഖയിൽ പറയുന്നു.

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച 2025 മേയ് 7ന് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന ജമ്മു കശ്മീരിലെയും ഭീകരകേന്ദ്രങ്ങളിൽ ഒൻപത് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. അന്നത്തെ ഔദ്യോഗിക വിശദീകരണത്തിൽ പാക് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും നടപടി നിയന്ത്രിതവും കേന്ദ്രീകൃതവുമായിരുന്നെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

എന്നാൽ മേയ് 7-8 രാത്രിയിൽ പാകിസ്ഥാൻ ഇന്ത്യയിലെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിലെ നിരവധി സൈനിക കേന്ദ്രങ്ങളെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ഇന്ത്യ ആരോപിച്ചു. ഇതിനു പിന്നാലെ മേയ് 8ന് പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിലെ വ്യോമപ്രതിരോധ റഡാറുകളും സംവിധാനങ്ങളും ഇന്ത്യ ലക്ഷ്യമിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലാഹോറിലെ ഒരു വ്യോമപ്രതിരോധ സംവിധാനം തകർത്തതായും അന്നത്തെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നു.

തുടർന്ന് മേയ് 10ന് പാകിസ്ഥാൻ ഇന്ത്യൻ വ്യോമസേനാ താവളങ്ങൾ, സൈനിക ആയുധശേഖര കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സൈനിക ക്യാന്റൺമെന്റുകൾ എന്നിവയ്‌ക്കെതിരെ വ്യാപകമായ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം പറയുന്നു. മിസൈലുകളും ഡ്രോണുകളും റോക്കറ്റുകളും ദീർഘദൂര ആയുധങ്ങളും ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണം ഇന്ത്യൻ വ്യോമപ്രതിരോധ, പ്രതിരോധ-ഡ്രോൺ സംവിധാനങ്ങൾ തടഞ്ഞതായും മന്ത്രാലയം അവകാശപ്പെട്ടു.

ഇന്ത്യൻ ആക്രമണങ്ങൾക്ക് പിന്നാലെ മേയ് 10ന് പാകിസ്ഥാൻ സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ഇന്ത്യയുടെ ഡി.ജി.എം.ഒയെ ബന്ധപ്പെട്ട് സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മേയ് 12ന് ഇരുരാജ്യങ്ങളുടെയും ഡി.ജി.എം.ഒമാർ തമ്മിൽ ഔദ്യോഗിക ചർച്ച നടന്നതായും തുടർന്ന് വെടിനിർത്തൽ ധാരണയിലെത്തിയതായും മന്ത്രാലയം പറയുന്നു.

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. 2025 ഏപ്രിൽ 22ന് നടന്ന ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെയും അവരുടെ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു ഇന്ത്യയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *