ജയിലിലെ മെനുവിൽ നിന്ന് മട്ടനും മീനും ഒഴിവാക്കാൻ നീക്കം; ചെലവ് കുറയ്ക്കാൻ പകരം കോഴിയും സോയാ ചങ്ക്സും മുട്ടയും

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷണ മെനുവിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പ് നിർദേശം. അന്തേവാസികളുടെ ഭക്ഷണത്തിൽ നിന്ന് മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ ഉൾപ്പെടുത്താനാണ് നിർദേശം. ജീവിതശൈലീ രോഗങ്ങളുടെ സാധ്യതയും ഭക്ഷണച്ചെലവും പരിഗണിച്ചാണ് മെനു പരിഷ്കരിക്കാനുള്ള നീക്കമെന്നാണ് റിപ്പോർട്ട്.

മട്ടന് പകരം കോഴിയിറച്ചി നൽകുന്നതിലൂടെ പ്രതിവർഷം ഏകദേശം 1.26 കോടി രൂപ ലാഭിക്കാനാകുമെന്നാണ് ജയിൽ വകുപ്പിന്റെ കണക്ക്. മീനിന് പകരം സോയാ ചങ്ക്സും മുട്ടയും നൽകുന്നതിലൂടെ ഏകദേശം 3.4 കോടി രൂപ ചെലവ് കുറയ്ക്കാനാകുമെന്നും വകുപ്പ് വിലയിരുത്തുന്നു.

നിലവിലെ ഔദ്യോഗിക ജയിൽ ഡയറ്റ് വിവരങ്ങളിലും മട്ടൻ ഉൾപ്പെടുന്ന ഭക്ഷണക്രമം രേഖപ്പെടുത്തിയിട്ടുണ്ട്. സസ്യാഹാരികളായ അന്തേവാസികൾക്ക് മത്സ്യത്തിനും മട്ടനും പകരം സസ്യാഹാര വിഭവങ്ങൾ നൽകുന്നതായും കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

മട്ടൻ പതിവായി കഴിക്കുന്നത് ജീവിതശൈലീ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്ന വിലയിരുത്തലും മെനു പരിഷ്കരണത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്. നിർദേശം നടപ്പാക്കുന്നതിനായി ആഭ്യന്തര വകുപ്പിന്റെ പരിഗണനയ്ക്കായി ജയിൽ വകുപ്പ് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *