ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ രീതിയില്‍ സുപ്രധാന പരിഷ്‌കാരം; ഡിസംബര്‍ ഒന്നു മുതല്‍ നാല് ഘട്ടങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള പരീക്ഷാ രീതിയില്‍ സുപ്രധാന പരിഷ്‌കാരങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. ഡിസംബര്‍ ഒന്നു മുതല്‍ ലൈസന്‍സ് ലഭിക്കുന്നതിനായി നാല് പരീക്ഷാ ഘട്ടങ്ങള്‍ വിജയിക്കേണ്ടി വരും. നിലവിലുള്ള ലേണേഴ്‌സ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയ്ക്ക് പുറമെ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ ‘ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്’ കൂടിയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റോഡിലെ അപകടസാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയാനുള്ള ശേഷിയാണ് ഈ പുതിയ പരീക്ഷയിലൂടെ വിലയിരുത്തുക. യുകെ, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ മാതൃക പിന്തുടര്‍ന്നാണ് ഈ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ പ്രകാരം ഡിസംബര്‍ ഒന്നുമുതല്‍ പുതിയ സംവിധാനം സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍ വരും.

ലേണേഴ്‌സ് പരീക്ഷ പാസായതിന് ശേഷമായിരിക്കും ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് നടത്തുക. ഈ പരീക്ഷയില്‍ ചുരുങ്ങിയത് 60 മാര്‍ക്ക് നേടുന്നവര്‍ക്ക് മാത്രമേ അടുത്ത ഘട്ടമായ ഗ്രൗണ്ട് ടെസ്റ്റിലും തുടര്‍ന്ന് റോഡ് ടെസ്റ്റിലും പങ്കെടുക്കാന്‍ അനുമതി നല്‍കുകയുള്ളൂ. റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയും ഡ്രൈവിങ് പരിശീലനത്തിന് കൂടുതല്‍ നിലവാരവും പ്രാധാന്യവും ഉറപ്പുവരുത്തുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അപകടസാധ്യതകള്‍ കൃത്യമായി തിരിച്ചറിയാനും അതിനനുസരിച്ച് പ്രതികരിക്കാനുമുള്ള അപേക്ഷകരുടെ പ്രായോഗിക കഴിവ് ഇതിലൂടെ ഉറപ്പാക്കാനാകും. അതിനാൽ ലൈസന്‍സ് നേടാന്‍ തയ്യാറെടുക്കുന്നവര്‍ പരീക്ഷാക്രമത്തിലെ ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *