ഓറഞ്ച്, ന്യൂ സൗത്ത് വെയിൽസ്: മലയാള ഭാഷയുടെയും കേരളത്തിന്റെ സമ്പന്നമായ സാഹിത്യ-സാംസ്കാരിക പൈതൃകത്തിന്റെയും മഹത്വം ഓസ്ട്രേലിയൻ മണ്ണിൽ ഉയർത്തിപ്പിടിക്കുന്ന കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
സാഹിത്യ-സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനും സാഹിതി ചെയർമാനുമായ കെ. ഉണ്ണികൃഷ്ണന് ‘എം.ടി. വാസുദേവൻ നായര്‍ പുരസ്കാരം’ സമ്മാനിക്കും. മലയാള സാഹിത്യത്തിനും സാംസ്കാരിക രംഗത്തിനും നൽകിയ ശ്രദ്ധേയമായ സംഭാവനകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. നാടകവേദിയിലും ചലച്ചിത്രരംഗത്തും ശ്രദ്ധേയമായ അഭിനയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രമോദ് വെളിയനാടിനാണ് ‘എൻ.എൻ. പിള്ള പുരസ്കാരം’. നാടക-ചലച്ചിത്ര രംഗങ്ങളിലെ പ്രകടനങ്ങളും കലാരംഗത്തെ സംഭാവനകളും പരിഗണിച്ചാണ് ഈ തിരഞ്ഞെടുപ്പ്. 50,001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യകാരനും ചലച്ചിത്ര സംവിധായകനും ഏരീസ് ഗ്രൂപ്പ് സിഇഒയുമായ ഡോ. സോഹൻ റോയ് നേതൃത്വം നൽകിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
കേരളത്തിന്റെ സാഹിത്യം, കല, സിനിമ, നാടകം, സംഗീതം, ഭാഷ, പാരമ്പര്യം എന്നിവയെ ഓസ്ട്രേലിയൻ മണ്ണിൽ പരിചയപ്പെടുത്തുന്ന ‘കേരളീയം – 2026’ (KLFA) ലിറ്റററി ആൻഡ് കൾച്ചറൽ ഫെസ്റ്റിവൽ നവംബർ 16-ന് ഓറഞ്ച് സിവിക് തിയേറ്ററിൽ നടക്കും. ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് മുഖ്യാതിഥിയാകും. ഓറഞ്ച് സിറ്റി കൗൺസിൽ മേയർ ടോണി മിലേറ്റോ, ഫെഡറൽ എംപി ആൻഡ്രൂ ജീ, സ്റ്റേറ്റ് എംപി ഫിൽ ഡൊണാറ്റോ എന്നിവരും ഓസ്ട്രേലിയയിലെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
കേരളത്തിന്റെ പൈതൃകം പ്രവാസലോകത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനുമാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് കേരളനാട് വായനശാല മൾട്ടികൾച്ചറൽ സെന്റർ ഭാരവാഹികള്‍ അറിയിച്ചു . പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0414 067 986, keralanaduau@gmail.com.

