സിഡ്നി: ഒൻപതും പതിനൊന്നും വയസ്സുള്ള സ്വന്തം ആൺമക്കളെ വീട്ടിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ക്രിമിനൽ ബാധ്യതയില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതി ഉത്തരവിട്ടു. 2024 സെപ്റ്റംബറിലാണ് ബ്ലൂ മൗണ്ടൻസിലെ കുടുംബവീട്ടിൽ രണ്ട് കുട്ടികളെയും ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ കുട്ടികളുടെ പിതാവ് വീട്ടിലെത്തിയാണ് ട്രിപ്പിൾ സീറോയിൽ വിളിച്ച് അടിയന്തര സഹായം തേടിയത്.
കേസിൽ വിചാരണ പൂർത്തിയാക്കിയ ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതി ജസ്റ്റിസ് റിച്ചാർഡ് കാവന, പ്രതിക്ക് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ‘കുറ്റം തെളിഞ്ഞെങ്കിലും ക്രിമിനൽ ഉത്തരവാദിത്തമില്ല’ എന്ന പ്രത്യേക വിധി പുറപ്പെടുവിച്ചത്. സംഭവസമയത്ത് താൻ എന്താണ് ചെയ്യുന്നതെന്ന് ഇവർക്ക് ശാരീരികമായി തിരിച്ചറിവുണ്ടായിരുന്നുവെങ്കിലും, സ്വന്തം മക്കളെ വധിക്കുന്നത് തെറ്റാണെന്ന കാര്യം മനസ്സിലാക്കാനുള്ള ബോധം ഇവർക്കുണ്ടായിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രതിയെ വെവ്വേറെ പരിശോധിച്ച മൂന്ന് സൈക്യാട്രിസ്റ്റുകളും സമാനമായ വിലയിരുത്തലുകളാണ് കോടതിക്ക് മുന്നിൽ ഹാജരാക്കിയത്. കടുത്ത മാനസിക വൈകല്യവും മാനസികാസ്വാസ്ഥ്യവും ഇവർ അനുഭവിച്ചിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ടുകളിൽ ഏകകണ്ഠമായി സ്ഥിരീകരിച്ചു.
വിധി പ്രസ്താവത്തെത്തുടർന്ന് ഇവരെ മെന്റൽ ഹെൽത്ത് റിവ്യൂ ട്രിബ്യൂണലിന്റെ മേൽനോട്ടത്തിൽ തുടർ തടങ്കലിൽ പാർപ്പിക്കും. സമൂഹത്തിന്റെ സുരക്ഷയ്ക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്ന് ട്രിബ്യൂണൽ പൂർണ്ണമായി ഉറപ്പുവരുത്താതെ ഇവർക്ക് ഒരു ഘട്ടത്തിലും ജയിൽമോചനം സാധ്യമാകില്ലെന്ന് കോടതി ഉത്തരവിൽ അടിവരയിട്ടു

