തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ അമിത ജോലിഭാരം കുറയ്ക്കുന്നതിനായി 1960-കളിലെ പഴയ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ധനകാര്യ വകുപ്പിന്റെ സഹകരണത്തോടെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും പ്രൈമറി ഹെൽത്ത് സെന്ററുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ പുതിയ നിയമനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ തറക്കല്ലിടൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തുന്നതിനൊപ്പമാണ് പുതിയ തസ്തികകൾ കൂടി സൃഷ്ടിക്കുന്നത്. ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്തിയപ്പോൾ ഡോക്ടർമാരുടെ സംഘടനകൾ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നുവെന്നും അവരുമായി ചർച്ച നടത്തി പരിഹാര നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. എക്കാലത്തും സാധാരണക്കാരുടെ പ്രധാന ആശ്രയമായ സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സർക്കാർ ആശുപത്രികളുടെ സേവനങ്ങളെ തരംതാഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും മരുന്നുകൾ പൂർണമായും ലഭ്യമാക്കാനുള്ള നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ അടിയന്തര നടപടികളാണ് സ്വീകരിച്ചുവരുന്നത്. അത്യാവശ്യമായ 855 മരുന്നുകളിൽ 664 എണ്ണത്തിനും പർച്ചേസ് ഓർഡർ നൽകിക്കഴിഞ്ഞു. ഇതിൽ 530 ലധികം മരുന്നുകൾ നിലവിൽ ലഭ്യമാണ്. ബാക്കിയുള്ളവയ്ക്കായി വീണ്ടും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ആസ്പിരിൻ, ഡോക്സിസൈക്ലിൻ എന്നിവ ഈ മാസം അവസാനത്തോടെയും, ബാക്കി മുഴുവൻ മരുന്നുകളും ഒക്ടോബർ ആദ്യവാരത്തോടെയും പൂർണതോതിൽ ആശുപത്രികളിൽ ലഭ്യമാക്കും.

എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് വഴി നിർമിക്കുന്ന പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമാണ പ്രവൃത്തികൾ 18 മാസത്തിനകം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അടിയന്തര വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി 36,000 ചതുരശ്രയടി വിസ്തീർണത്തിൽ മൂന്ന് നിലകളായാണ് പുതിയ ബ്ലോക്ക് നിർമിക്കുന്നത്. ഭാവിയിൽ രണ്ട് നിലകൾ കൂടി നിർമിക്കാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന തയ്യാറാക്കിയിരിക്കുന്നത്.
ഗ്രൗണ്ട് ഫ്ളോറിൽ കാഷ്വാൽറ്റി, മെറ്റേണിറ്റി വാർഡ്, ലേബർ-ഡെലിവറി റിക്കവറി യൂണിറ്റുകൾ, എക്സ്റേ, അൾട്രാ സൗണ്ട് സ്കാനിംഗ്, മൈനർ ഓപ്പറേഷൻ തിയേറ്റർ എന്നിവയാണ് സജ്ജീകരിക്കുന്നത്. ഒന്നാം നിലയിൽ ഡയാലിസിസ് യൂണിറ്റ്, ഐസൊലേഷൻ മുറികൾ, വിവിധ വാർഡുകൾ എന്നിവയും രണ്ടാം നിലയിൽ ഇന്റൻസീവ് കെയർ യൂണിറ്റ്, ഹൈ ഡിപ്പൻഡൻസി യൂണിറ്റ്, ഓപറേഷൻ തിയേറ്റർ കോംപ്ലക്സ് ഉൾപ്പെടെയുള്ള ഗുരുതര പരിചരണത്തിനും ശസ്ത്രക്രിയ സേവനങ്ങൾക്കുമുള്ള സൗകര്യങ്ങളും ഒരുക്കും. നിർമാണ പ്രവർത്തനങ്ങൾക്കും മറ്റ് അനുബന്ധ സേവനങ്ങൾക്കുമായി എച്ച്.എൽ.എല്ലിന് 20.97 കോടി രൂപയുടെയും, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം, മോഡുലാർ ഓപറേഷൻ തിയേറ്റർ ഫർണിഷിങ്, ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന് 2.78 കോടി രൂപയുടെയും ഭരണാനുമതി നൽകിയിട്ടുണ്ട്.

