പാലക്കാട് കൊടുവായൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

പാലക്കാട്: കൊടുവായൂർ പിട്ടുപീടികയിൽ വാക്കുതർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. എത്തനൂർ സ്വദേശിനി അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മണികണ്ഠനെ പുതുനഗരം പോലീസ് കസ്റ്റഡിയിലെടുത്തു.

ദമ്പതികൾ തമ്മിൽ നിരന്തരം കുടുംബവഴക്കുകൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഊണ് കഴിക്കാനായി മണികണ്ഠൻ വീട്ടിലെത്തിയപ്പോൾ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ ഇയാൾ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

കൃത്യം നടത്തിയ ശേഷം പ്രതി തന്നെ നേരിട്ട് പുതുനഗരം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അനുപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ എന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിലേക്ക് നയിച്ച മറ്റ് സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *