മേലുകാവ്: SNDP യോഗം മേലുകാവ്–കുളത്തിക്കണ്ടം ശാഖയുടെ നേതൃത്വത്തിൽ 99-ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം കുളത്തിക്കണ്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്നു. ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദർശനങ്ങളും സാമൂഹിക നവോത്ഥാന സന്ദേശങ്ങളും അനുസ്മരിച്ചുകൊണ്ടായിരുന്നു ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്.
ഗുരുദേവന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശത്തിന്റെ പ്രസക്തി ഇന്നത്തെ സമൂഹത്തിലും ഏറെ നിലനിൽക്കുന്നുണ്ടെന്നും, അത് പുതുതലമുറയിലേക്ക് പകർന്നുനൽകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു. പ്രാർത്ഥനകളും ഗുരുദേവ അനുസ്മരണവും ഉൾപ്പെടെയുള്ള വിവിധ പരിപാടികളോടെയാണ് മഹാസമാധി ദിനാചരണം ഭക്തിസാന്ദ്രമായി നടന്നത്.
ചടങ്ങുകൾക്ക് SNDP കരയോഗം പ്രസിഡന്റ് പി.എസ്. ഷാജി പുത്തൻപുരയ്ക്കൽ, വൈസ് പ്രസിഡന്റ് സന്ദീപ് നെല്ലിക്കൽ, സെക്രട്ടറി എം.കെ. പ്രകാശൻ മാറാമറ്റത്തിൽ, വനിതാസംഘം വൈസ് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി സുകുമാരൻ കാനത്തിൽ, യൂത്ത്മൂവ്മെന്റ് ചെയർമാൻ സൈജു ഭാസ്കരൻ മരോട്ടിക്കൽ, ഷൈൻ പ്രിൻസ് ബേക്കറി, ഷിബു വള്ളോംകുഴി എന്നിവർ നേതൃത്വം നൽകി. ശാഖാ ഭാരവാഹികളും അംഗങ്ങളും നിരവധി ഭക്തജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.

