തിരുവനന്തപുരം: നഗരഹൃദയത്തിൽനിന്ന് തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള നീക്കത്തിനെതിരെ ‘സേവ് ട്രിവാൻഡ്രം സൂ’ എന്ന പേരിൽ ജനകീയ ക്യാമ്പയിൻ ആരംഭിക്കുന്നു. തലസ്ഥാന നഗരിയുടെ പൈതൃകത്തിന്റെ ഭാഗമായ മൃഗശാല നിലവിലെ സ്ഥലത്ത് തന്നെ നിലനിർത്തണമെന്ന ആവശ്യമാണ് ഈ ക്യാമ്പയിനിലൂടെ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. മുൻ എം.എൽ.എ വി.കെ. പ്രശാന്താണ് ജനകീയ ക്യാമ്പയിൻ ആരംഭിക്കുമെന്ന് വ്യക്തമാക്കിയത്.
‘റീ ഇമാജിനിങ് കേരള’ പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി വി.ഡി. സതീശൻ മൃഗശാല നഗരത്തിൽനിന്ന് മാറ്റണമെന്ന നിർദേശം മുന്നോട്ടുവെച്ചതാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. മൃഗശാല നിലവിൽ സ്ഥിതിചെയ്യുന്ന സ്ഥലം ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ അല്ലെങ്കിൽ പ്രാഗിലെ പ്രധാന ചത്വരങ്ങളുടെ മാതൃകയിൽ മനോഹരമായ പൊതുഇടമാക്കി മാറ്റാമെന്ന ആശയവും മുഖ്യമന്ത്രി മുന്നോട്ടുവെച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ മൃഗശാല മാറ്റുന്നതിനെ അനുകൂലിച്ചും എതിർത്തും വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. നിലവിലെ മൃഗശാലയ്ക്ക് 167 വർഷത്തെ ചരിത്രവും പൈതൃക പ്രാധാന്യവുമുണ്ടെന്നും നഗരത്തിന്റെ അടയാളമായ ഈ പ്രദേശം അതേപടി സംരക്ഷിക്കണമെന്നുമാണ് മാറ്റത്തെ എതിർക്കുന്നവരുടെ നിലപാട്. കൂടാതെ, മൃഗശാല മാറ്റിസ്ഥാപിക്കുന്നതിന് പകരം നിലവിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി മൃഗങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുകയാണ് വേണ്ടതെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

