കാൻബറ: ജീവനക്കാരുടെ സൂപ്പർആനുവേഷൻ തുകയിൽ കൂടുതൽ നിയന്ത്രണം ആവശ്യപ്പെടുന്ന ജനങ്ങൾക്ക് പിന്തുണയുമായി വൺ നേഷൻ പാർട്ടി കൊണ്ടുവന്ന ‘സൂപ്പർ പേ ബൂസ്റ്റ്’ പദ്ധതിക്ക് 62 ശതമാനം വോട്ടർമാരുടെ പിന്തുണയുണ്ടെന്ന് പുതിയ സർവേ ഫലം. വൺ നേഷൻ പാർട്ടി കമ്മീഷൻ ചെയ്ത കോമ്പസ് പോളിംഗിലാണ് ഭൂരിഭാഗം പേരും പദ്ധതിയെ അനുകൂലിച്ചത്. സ്വന്തം റിട്ടയർമെന്റ് സമ്പാദ്യത്തിന്മേൽ കൂടുതൽ നിയന്ത്രണവും സ്വാതന്ത്ര്യവുമാണ് ഓസ്‌ട്രേലിയൻ ജനത ആഗ്രഹിക്കുന്നതെന്ന് സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടി വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൻ വ്യക്തമാക്കി.
വീട്ടുവാടകയോ ഭവനവായ്പാ തിരിച്ചടവോ ഉള്ള അർഹരായ വ്യക്തികൾക്ക് തങ്ങളുടെ നിർബന്ധിത സൂപ്പർ കോൺട്രിബ്യൂഷനായ 12 ശതമാനത്തിൽ നിന്ന് 3 ശതമാനം തുക മൂന്ന് വർഷത്തേക്ക് പ്രതിമാസ ശമ്പളത്തോടൊപ്പം നേരിട്ട് കൈപ്പറ്റാൻ അവസരമൊരുക്കുന്നതാണ് നിർദ്ദിഷ്ട നയം. നിലവിലെ കടുത്ത ജീവിതച്ചെലവ് പ്രതിസന്ധിയിൽ ജനങ്ങൾക്ക് അടിയന്തര സാമ്പത്തിക ആശ്വാസം നൽകുന്നതിനൊപ്പം വ്യക്തിഗത സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നും ഹാൻസൻ വിശദീകരിച്ചു. അതേസമയം സർവേയിൽ പങ്കെടുത്ത 28 ശതമാനം ആളുകൾ ഈ നിർദ്ദേശത്തെ എതിർത്തു.

