കണ്ണൂർ: സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ മൂന്നാം സീസണിന് ഇന്ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സ് എഫ്സി, കഴിഞ്ഞ സീസണിലെ റണ്ണറപ്പായ തൃശൂർ മാജിക് എഫ്സിയെ നേരിടും. രാത്രി എട്ടിനാണ് കിക്കോഫ്. വൈകിട്ട് അഞ്ചിന് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കും. ആറുമുതൽ സംഗീത പരിപാടികളും നടക്കും.
ആറ് ടീമുകൾ പങ്കെടുക്കുന്ന സീസണിൽ 35 മത്സരങ്ങളാണുള്ളത്. സെമിഫൈനൽ ഹോം–എവേ അടിസ്ഥാനത്തിൽ രണ്ട് പാദങ്ങളായാണ് നടക്കുക. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടുന്ന ടീമിന് പുതിയ ‘സൂപ്പർ ലീഗ് കേരള ഷീൽഡ്’ നൽകും.
ലീഗ് മത്സരങ്ങൾ നിശ്ചിത സമയത്ത് സമനിലയായാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ തീരുമാനിക്കും. സാധാരണ സമയത്തെ വിജയത്തിന് മൂന്ന് പോയിന്റും പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തിന് രണ്ട് പോയിന്റും പരാജയപ്പെടുന്ന ടീമിന് ഒരു പോയിന്റുമാണ് ലഭിക്കുക. ആറ് ടീമുകളിലായി 162 താരങ്ങളാണ് ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നവംബർ 27ന് ലീഗ് ഘട്ടം പൂർത്തിയാകും; ഡിസംബർ ഒന്നിന് സെമിഫൈനലും ഡിസംബർ 12ന് ഫൈനലും നടക്കും.

