തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കാൻ സാങ്കേതിക വിദഗ്ധ സമിതി രൂപീകരിച്ചു. സെപ്റ്റംബർ 24ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ധനകാര്യ, ആസൂത്രണ വകുപ്പുകളുടെ സെക്രട്ടറിമാരും സംസ്ഥാന ആരോഗ്യ ഏജൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും അംഗങ്ങളാണ്. ഇൻഷുറൻസ് മേഖലയിലെ വിദഗ്ധരായ ഗിരീഷ് രാധാകൃഷ്ണൻ, പി.ജെ. ജോസഫ്, കെ. സനത് കുമാർ എന്നിവരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു കുടുംബത്തിന് പ്രതിവർഷം 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ പരമാവധി കുറച്ച് സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ നൽകുന്നതിനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.
നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ്, പൊതുജനാരോഗ്യ ധനസഹായ പദ്ധതികളുമായി പുതിയ പദ്ധതി എങ്ങനെ സംയോജിപ്പിക്കാം, സാമ്പത്തിക മാതൃക, ആശുപത്രികളുടെ എംപാനൽമെന്റ്, ക്ലെയിം മാനേജ്മെന്റ്, ഗുണനിലവാര ഉറപ്പ്, പരാതിപരിഹാര സംവിധാനം തുടങ്ങിയ കാര്യങ്ങൾ വിദഗ്ധ സമിതി പരിശോധിക്കും. നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
2026–27 സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി ആദ്യഘട്ടത്തിൽ 10 കോടി രൂപ വകയിരുത്തിയിരുന്നു. യു.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതികളിലൊന്നായിരുന്നു ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി.

