കൊച്ചി: രാജ്യത്തെ മുൻനിര ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിന്റെ (കെ.ടി.എം 2026) പതിമൂന്നാമത് പതിപ്പിന് കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ പ്രൗഢോജ്ജ്വലമായ തുടക്കമായി. അടുത്ത അഞ്ച് വർഷം കൊണ്ട് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണം പത്തര കോടിയാക്കി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മാർട്ട് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഇതിൽ വിദേശ സഞ്ചാരികളുടെ എണ്ണം അമ്പത് ലക്ഷവും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം പത്തു കോടിയുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം-സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു മുഖ്യാതിഥിയായിരുന്നു.
സഞ്ചാരികളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗുണനിലവാരമുള്ള ടൂറിസം കേന്ദ്രങ്ങളും പുതിയ ടൂറിസം ഉൽപ്പന്നങ്ങളും വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത ജംഗിൾ ലോഡ്ജുകൾ, ട്രെക്കിങ്, പക്ഷിനിരീക്ഷണം തുടങ്ങിയ പ്രകൃതി സൗഹൃദ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും. തീരദേശവും കായലുകളും സംയോജിപ്പിച്ചുള്ള ടൂറിസം വിപുലീകരിക്കാനും, വിഴിഞ്ഞവും കൊച്ചിയും കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ക്രൂയിസ് ടൂറിസം സർക്യൂട്ടുകൾ ഒരുക്കാനും സർക്കാർ ലക്ഷ്യമിടുന്നു. നെടുമ്പാശേരിയിൽ സിംഗപ്പൂർ മാതൃകയിൽ ലോകോത്തര കൺവെൻഷൻ സെന്ററും കൊച്ചിയിൽ ഓഷ്യനേറിയം, മറൈൻ മ്യൂസിയം എന്നിവയും നിർമ്മിക്കും. കൂടാതെ പുരാതന സുഗന്ധവ്യഞ്ജന വ്യാപാരപാതയുടെ ചരിത്രമുറങ്ങുന്ന മുസിരിസിനെ അന്താരാഷ്ട്ര തലത്തിൽ പ്രമുഖ പൈതൃക-ഗവേഷണ കേന്ദ്രമാക്കി ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ തനിമയും സവിശേഷതകളും ഉയർത്തിക്കാട്ടി അവയെ ആഗോളതലത്തിൽ വ്യതിരിക്തമായ ബ്രാൻഡുകളാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. വയനാടിന്റെ വനസമ്പത്തും സംസ്കാരവും കോർത്തിണക്കി ‘ബ്രാൻഡ് വയനാട്’ രൂപപ്പെടുത്തുന്നതുപോലെ, ഓരോ പ്രദേശത്തിനും തനതായ ഐഡന്റിറ്റി നൽകി കേരളത്തിന്റെ യാത്രാസാധ്യതകളെ പുനർനിർവചിക്കും. പാരമ്പര്യ കാഴ്ചകൾക്കപ്പുറം കേരളത്തിന്റെ വൈവിധ്യപൂർണ്ണമായ ഭാവങ്ങൾ അനുഭവിച്ചറിയാൻ സഞ്ചാരികൾക്ക് വഴിയൊരുക്കുകയാണ് ഇതിലൂടെ സാധ്യമാകുന്നത്. പുതിയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും പ്രചാരണത്തിനും ഊന്നൽ നൽകുന്നതിന്റെ ഭാഗമായി അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ 100 കേന്ദ്രങ്ങളിൽ മികച്ച പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കും. ഇത്തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ വിനോദസഞ്ചാരത്തിന്റെ സാമ്പത്തിക നേട്ടങ്ങൾ കേരളത്തിന്റെ നാനാഭാഗങ്ങളിലേക്കും ജനങ്ങളിലേക്കും നേരിട്ടെത്തിക്കാൻ സാധിക്കുമെന്നും നിക്ഷേപകർക്കും സംരംഭകർക്കും സ്വകാര്യ പങ്കാളികൾക്കും അനന്തസാധ്യതകൾ തുറന്നുനൽകുന്ന പുതിയൊരു ടൂറിസം ആവാസവ്യവസ്ഥയാണ് സർക്കാർ പടുത്തുയർത്തുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി 1500-ലധികം ബയർമാരാണ് മാർട്ടിൽ പങ്കെടുക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം സെപ്റ്റംബർ 25 മുതൽ 27 വരെ വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിലാണ് ബിസിനസ് (B2B) കൂടിക്കാഴ്ചകളും പ്രദർശനവും നടക്കുന്നത്. ടൂറിസം സംരംഭകരുടെ 383 സെല്ലർ സ്റ്റാളുകളും കേരളം, തമിഴ്നാട്, ഇന്ത്യ ടൂറിസം തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. നാല് ദിവസങ്ങളിലായി അമ്പതിനായിരത്തിലധികം മുൻകൂട്ടി നിശ്ചയിച്ച ബിസിനസ് കൂടിക്കാഴ്ചകൾ പുതിയ സോഫ്റ്റ്‌വെയറിലൂടെയും മൊബൈൽ ആപ്പിലൂടെയും ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ നടക്കും.

