ന്യൂഡൽഹി: വായ്പാ കുടിശ്ശികയുള്ളവരുടെ വാഹനങ്ങൾ ബലപ്രയോഗത്തിലൂടെയോ തട്ടിപ്പുമാർഗ്ഗങ്ങളിലൂടെയോ പിടിച്ചെടുക്കുന്ന ധനകാര്യസ്ഥാപനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി സുപ്രീംകോടതി. കുടിശ്ശിക ഈടാക്കാൻ നിയമപരമായ മാർഗ്ഗങ്ങൾ മാത്രമേ സ്വീകരിക്കാവൂ എന്ന് കോടതി കർശനമായി നിർദ്ദേശിച്ചു. വാഹനം വിൽക്കുന്നതിന് മുൻപ് ഉടമയ്ക്ക് മുൻകൂർ നോട്ടീസ് നൽകണമെന്നും കുടിശ്ശിക അടച്ചുതീർക്കാൻ ആവശ്യമായ അവസരം നൽകണമെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ഈടായി നൽകിയ വാഹനങ്ങൾ ധനകാര്യസ്ഥാപനങ്ങൾ നിയമവിരുദ്ധമായി പിടിച്ചെടുക്കുന്നത് തടയാൻ റിസർവ് ബാങ്ക് (ആർ.ബി.ഐ) അടിയന്തരമായി മാർഗരേഖ പുറത്തിറക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പുലർച്ചെ അതിക്രമിച്ചു കയറി വാഹനം തട്ടിയെടുത്ത കേസിൽ ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനിക്ക് കോടതി 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. വാഹന ഉടമയുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്തിയതും കടുത്ത മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഈ മാതൃകാപരമായ ഉത്തരവ്.

