അശാസ്ത്രീയ റോഡ് സൗന്ദര്യവത്ക്കരണം; തകർന്ന ഇരുമ്പ് വേലിയിൽ റീത്ത് വെച്ച് വേറിട്ട പ്രതിഷേധം

മൂവാറ്റുപുഴ: റോഡ് സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇരുമ്പ് വേലികൾ അശാസ്ത്രീയ നിർമ്മാണം മൂലം തകർന്നു കിടന്നിട്ടും നന്നാക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ തകർന്ന വേലിയിൽ റീത്ത് വെച്ച് വേറിട്ട പ്രതിഷേധം. പൊതുപ്രവർത്തകനായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജിയാണ് കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയായ വേലിയിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചത്.

നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ഒന്നര കിലോമീറ്റർ ദൂരത്തിൽ ഇരുവശങ്ങളിലുമായി സ്ഥാപിച്ച ഇരുമ്പ് വേലികൾ പലയിടങ്ങളിലും വാഹനാപകടങ്ങളിൽ തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. മീഡിയനുകളിൽ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ തൂണുകൾ മണിക്കൂറുകൾക്കകം വാഹനം ഇടിച്ച് തകരുന്ന അവസ്ഥയുമുണ്ടായി. വലിയ പാലത്തിലെ ഫുട്പാത്തിലൂടെ സുരക്ഷിതമായി നടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതുമൂലം ആളുകൾ റോഡിലിറങ്ങി നടക്കേണ്ടി വരുന്നതും തുടർ അപകടങ്ങൾക്ക് വഴിവെക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോഡ് വികസന ഡിസൈനിലെ അപാകതകൾ, നിർമ്മാണത്തിലെ ക്രമക്കേടുകൾ, പുറമ്പോക്ക് ഭൂമിയും ഏറ്റെടുത്ത ഭൂമിയും കൃത്യമായി വിനിയോഗിക്കാതെ ചില വ്യക്തികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ചിലയിടങ്ങളിൽ ‘കുപ്പികഴുത്ത്’ പോലെ റോഡ് നിർമ്മിച്ചത് തുടങ്ങിയവ ചൂണ്ടിക്കാട്ടി എം.ജെ. ഷാജി ലോകായുക്തയെ സമീപിച്ചിട്ടുണ്ട്. ഫുട്പാത്ത് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നഗരസഭ തയ്യാറാകുന്നില്ലെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ (നമ്പർ: 418/26 ഇ) മൂവാറ്റുപുഴ എം.എൽ.എ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ മിനി മാത്യു, ജയരാജ്, കരാറുകാരൻ പി.കെ.എസ് സുൽഫിക്കർ, നഗരസഭ സെക്രട്ടറി ഷൈജു വർഗീസ് എന്നിവർക്ക് ഉപലോകായുക്ത നോട്ടീസയക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കേസ് നവംബർ 26-ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *