മോദി സർക്കാരിന് കീഴിൽ ഇന്ത്യയിൽ ഊർജമേഖലയിൽ ചരിത്രപരമായ മുന്നേറ്റം: പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ കൈവരിച്ച ഊർജ സുരക്ഷാ വികസനത്തെയും വൈദ്യുതീകരണ മുന്നേറ്റത്തെയും പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. മനുഷ്യചരിത്രത്തിൽ ഏതെങ്കിലും ഒരു രാജ്യത്തോ മേഖലയിലോ ഒരു ദശാബ്ദത്തിനിടെ ഉണ്ടായതിനേക്കാൾ കൂടുതൽ ആളുകളിലേക്ക് ഇന്ത്യയിൽ ഊർജ ലഭ്യത ഉറപ്പാക്കാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന് അനുബന്ധമായി ഏഷ്യാ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി കെവിൻ റൂഡുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ആൽബനീസ് ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചും മോദിയുടെ ഭരണനേട്ടങ്ങളെക്കുറിച്ചും സംസാരിച്ചത്. പ്രധാനമന്ത്രി മോദിയുമായി വ്യക്തിപരമായി വളരെ ശക്തമായ സൗഹൃദവും മികച്ച ബന്ധവുമാണുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക കൂട്ടായ്മയിൽ ഇനിയും കൂടുതൽ കാര്യങ്ങൾ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെൽബണിൽ നരേന്ദ്ര മോദി പങ്കെടുത്ത സ്റ്റേഡിയം പരിപാടിയെക്കുറിച്ചും ആൽബനീസ് രസകരമായി പരാമർശിച്ചു. സ്റ്റേഡിയം നിറഞ്ഞുനിന്ന ജനക്കൂട്ടത്തോട് തനിക്ക് വേണ്ടി കൈയടിക്കാനും ആർത്തുവിളിക്കാനും മോദി ആവശ്യപ്പെട്ട കാര്യവും അദ്ദേഹം ഓർത്തെടുത്തു. മോദിയുടെ അടുത്ത സുഹൃത്തായതുകൊണ്ട് മാത്രമാണ് നാല്പതിനായിരത്തോളം വരുന്ന ഓസ്‌ട്രേലിയക്കാർ അന്ന് തന്റെ പേര് വിളിച്ച് ആർത്തുവിളിച്ചതെന്നും ആൽബനീസ് സദസ്സിൽ പങ്കുവെച്ചു. ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന് പുറമെ, ഇന്തോനേഷ്യ, ചൈന, പസഫിക് ദ്വീപ് രാജ്യങ്ങൾ എന്നിവയുമായുള്ള സഹകരണം, കാലാവസ്ഥാ വ്യതിയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) തുടങ്ങിയ നിർണ്ണായക വിഷയങ്ങളും ചർച്ചയിൽ കടന്നുവന്നു.

Leave a Reply

Your email address will not be published. Required fields are marked *