തിരുവനന്തപുരം: 2003 ഫെബ്രുവരി 22-ലെ മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മർദ്ദനത്തിന് ഇരയായ വയനാട് സുൽത്താൻ ബത്തേരി ഡയറ്റിലെ മുൻ സീനിയർ ലക്ചററും ഗസറ്റഡ് ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ. സുരേന്ദ്രന് നീതി ഉറപ്പാക്കി കോടതി ഉത്തരവ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇനി അപ്പീലുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് സർക്കാരിന്റെ അന്തിമ നിലപാട്.
കോടതി ഉത്തരവിട്ട, പലിശയടക്കമുള്ള 12.5 ലക്ഷം രൂപയും മർദ്ദനത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ഈടാക്കാനും, ഈ തുക എത്രയും വേഗം കെ.കെ. സുരേന്ദ്രന് ലഭ്യമാക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സാമൂഹിക പ്രവർത്തകയായ പ്രൊഫസർ കുസുമം ജോസഫിനൊപ്പം കെ.കെ. സുരേന്ദ്രൻ നേരത്തെ നേരിട്ടെത്തി കണ്ടിരുന്നു. വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ സങ്കടങ്ങൾക്കും നേരിട്ട നീതികേടുകൾക്കും ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന് അന്ന് നൽകിയ ഉറപ്പാണ് ഇപ്പോൾ സർക്കാർ പാലിച്ചിരിക്കുന്നത്. നീതിക്ക് വേണ്ടി കെ.കെ. സുരേന്ദ്രൻ ഇനിയും അലയേണ്ടതില്ലെന്നും കോടതി ഉത്തരവിട്ട മുഴുവൻ നഷ്ടപരിഹാരവും അദ്ദേഹത്തിന് ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

