‘ഷെയിം ഓൺ യു’; വിമാനത്തിൽ സിജെപി നേതാവ് അഭിജീത് ദിപ്കെക്കെതിരെ സഹയാത്രികരുടെ പ്രതിഷേധം; വീഡിയോ വൈറൽ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്ക് നേരെ വിമാനത്തിനുള്ളിൽ സഹയാത്രികരുടെ കടുത്ത പ്രതിഷേധം. എയർ ഇന്ത്യ വിമാനത്തിൽ എത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് നേരെ ഒരു വനിതാ യാത്രിക “ഷെയിം ഓൺ യു” (നിങ്ങളെക്കുറിച്ച് ഓർത്ത് ലജ്ജിക്കുന്നു) എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് രോഷപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഡൽഹിയിൽ സമരം സംഘടിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്നതിനെതിരെയായിരുന്നു സഹയാത്രികയുടെ പരസ്യപ്രതികരണം. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തയുടൻ നേതാക്കളെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പൊലീസ് സംഘം വിമാനത്തിനുള്ളിലേക്ക് കടന്നപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സാധാരണക്കാരായ ജനങ്ങളുടെയും യാത്രക്കാരുടെയും സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് യാത്രികരും നേതാക്കൾക്കെതിരെ തിരിയുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ യാത്രികർ തന്നെ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കകം വൈറലായി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ഇവർ മുംബൈയിൽ നിന്ന് വിമാനമാർഗ്ഗം ഡൽഹിയിലെത്തിയത്. വിമാനത്തിനുള്ളിലെ പ്രതിഷേധങ്ങൾക്കിടയിലും തങ്ങളുടെ സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കിയെങ്കിലും പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ടുപോയി. ഡൽഹിയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലും നഗരത്തിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *