തിരുവനന്തപുരം: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയിലെ മലയാളി പ്രവാസികൾക്കും നാട്ടിലുള്ള കുടുംബാംഗങ്ങൾക്കും അടിയന്തര സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം നോർക്ക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. സഹായങ്ങൾക്കായി നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 1800 425 3939 (ടോൾ ഫ്രീ നമ്പർ), വിദേശത്തുനിന്നുള്ളവർക്ക് വിളിക്കാനായി +91 8802012345 (മിസ്ഡ് കോൾ നമ്പർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡൽഹി എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫീസർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റിയാദിലെ എംബസിയിലേക്ക് +966 11 488 469 എന്ന ടെലിഫോൺ നമ്പരിലും, സൗദിക്കുള്ളിൽ നിന്ന് സൗജന്യമായി വിളിക്കാൻ 800 247 1234 എന്ന ടോൾ ഫ്രീ നമ്പരിലും, +966 536 216 082 എന്ന വാട്സ്ആപ്പ് നമ്പരിലും (സന്ദേശങ്ങൾ മാത്രം), cw.riyadh@mea.gov.in എന്ന ഇമെയിൽ വഴിയും ബന്ധപ്പെടാം. ജിദ്ദ കോൺസുലേറ്റിന്റെ കൺട്രോൾ റൂമിലേക്ക് +966 12 261 4093, +966 556 122 301 എന്നീ നമ്പറുകളിലും, +966 536 209 704 എന്ന വാട്സ്ആപ്പ് നമ്പരിലും, pbskcgi@gmail.com എന്ന ഇമെയിൽ വിലാസത്തിലും വിവരങ്ങൾ അറിയിക്കാം.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായും ജിദ്ദ, ദമ്മാം, മദീന വിമാനത്താവളങ്ങളിൽ സർവീസുകൾ നടക്കുന്നുണ്ടെങ്കിലും തടസ്സങ്ങൾ നേരിടുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഇൻഡിഗോ എന്നിവ ഒക്ടോബർ 17 വരെയുള്ള സൗദി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. സൗദിയ എയർലൈൻസ് ഷെഡ്യൂൾഡ് സർവീസുകൾ തുടരുന്നുണ്ടെങ്കിലും യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് സർവീസ് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് വിസ കാലാവധി കഴിഞ്ഞ സന്ദർശക, ടൂറിസ്റ്റ്, ഉംറ, ബിസിനസ് വിസക്കാർക്ക് പിഴയില്ലാതെ രാജ്യം വിടാൻ സൗദി ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്ക് വിസ മാനദണ്ഡങ്ങൾ പാലിച്ച് ഖത്തർ, ബഹ്റൈൻ തുടങ്ങിയ അയൽരാജ്യങ്ങൾ വഴി യാത്ര ചെയ്യാവുന്നതാണ്. നിലവിലെ സാഹചര്യത്തിൽ തുറസ്സായ സ്ഥലങ്ങളിൽ നിന്നും ജനാലകളിൽ നിന്നും അകന്നുനിൽക്കാനും സുരക്ഷിത താവളങ്ങളിൽ തുടരാനും പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

