തീരദേശ പരിപാലന അതോറിറ്റിയുടെ സത്യവാങ്മൂലത്തിൽ പിഴവ്; വിഴിഞ്ഞം നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: കേരള തീരദേശ പരിപാലന അതോറിറ്റിയുടെ തെറ്റായ സത്യവാങ്മൂലത്തെത്തുടർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം വീണ്ടും പ്രതിസന്ധിയിൽ. പദ്ധതിയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായിട്ടും പുളിങ്കുടി കടൽത്തീരം പദ്ധതി പ്രദേശമല്ലെന്ന് അതോറിറ്റി ചുമതലക്കാരനായ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസ്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമാണ് തിരിച്ചടിയായത്. ഇതിന്റെ അടിസ്ഥാനത്തിൽ പുളിങ്കുടി തീരത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകി. വിഴിഞ്ഞം പദ്ധതിയുടെ രണ്ടാംഘട്ടം 2028 ഡിസംബറോടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ പുരോഗമിക്കവെയാണ് ഉദ്യോഗസ്ഥന്റെ വീഴ്ച സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്.

പുളിങ്കുടി മുതൽ തീരം കവരുന്ന രീതിയിൽ 20 കിലോമീറ്റർ ദൂരത്തിൽ നിർമാണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസി നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് അതോറിറ്റി സത്യവാങ്മൂലം സമർപ്പിച്ചത്. ആവശ്യമായ പരിസ്ഥിതി അനുമതികൾ നിലവിലുണ്ടായിട്ടും, പുളിങ്കുടി കടൽത്തീരത്തെ നിർമാണത്തിന് പരിസ്ഥിതി അനുമതിയില്ലെന്ന നിലപാടാണ് കെ. ഗോപാലകൃഷ്ണൻ കോടതിയിൽ സ്വീകരിച്ചത്. വിഴിഞ്ഞം പദ്ധതിയുടെ മാസ്റ്റർ പ്ലാനിൽ വ്യക്തമായി ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശത്തെ സംബന്ധിച്ചാണ് ഉദ്യോഗസ്ഥൻ വിചിത്രമായ വാദം ഉന്നയിച്ചത്.

സത്യവാങ്മൂലം പരിഗണിച്ച ഹൈക്കോടതി വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ പരിശോധനയ്ക്ക് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. ഈ റിപ്പോർട്ട് കോടതിയുടെ പരിഗണനയിൽ വരുന്നത് വരെ പുളിങ്കുടി തീരത്തെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

സർക്കാരിന്റെ സ്വപ്ന പദ്ധതിക്കെതിരെ സ്വന്തം ഉദ്യോഗസ്ഥൻ തന്നെ കോടതിയിൽ എതിർനിലപാട് സ്വീകരിച്ചതിൽ സർക്കാർ കടുത്ത അതൃപ്തിയിലാണ്. കോടതി നിർദേശത്തെത്തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത് പദ്ധതിയുടെ കരാറുകാരായ അദാനി ഗ്രൂപ്പിനും വലിയ തിരിച്ചടിയായിട്ടുണ്ട്. സംഭവിച്ച പിഴവ് തിരുത്തി കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകാനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ ഇതിനോടകം ആരംഭിച്ചു. ഗുരുതരമായ വീഴ്ച വരുത്തിയ കെ. ഗോപാലകൃഷ്ണനെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *