കൊച്ചി: കേരളത്തിൽ വർദ്ധിച്ചുവരുന്ന സ്തനാർബുദ സാധ്യതകളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും രോഗനിയന്ത്രണത്തിനുമായി അമൃത ആശുപത്രിയിലെ ഓങ്കോളജി വിഭാഗം സംഘടിപ്പിക്കുന്ന ‘പിങ്ക് ഒക്ടോബർ’ ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണ ക്യാമ്പ് നടത്തി. എറണാകുളം എളമക്കര അമൃത വിദ്യാലയത്തിലെ അധ്യാപക-അധ്യാപകേതര ജീവനക്കാർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ബ്രെസ്റ്റ് ഓങ്കോപ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജൻ കൺസൾട്ടന്റ് ഡോ. സൗദാമിനി നായക്, പ്രിവന്റീവ് ഓങ്കോളജി വകുപ്പിലെ ഡോ. സന്ധ്യ എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. മെഡിക്കൽ ഓങ്കോളജി വകുപ്പിലെ ഡോ. സോഹിനിയുടെ നേതൃത്വത്തിൽ ജീവനക്കാർക്കായി മെഡിക്കൽ സ്ക്രീനിംഗും നടന്നു.
ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി സൗജന്യ സ്തനാർബുദ പരിശോധനാ ക്യാമ്പും ബോധവൽക്കരണ സെഷനും ഒക്ടോബർ 31-ന് നടക്കും. മുപ്പത്തടം ചന്ദ്രശേഖരപുരം ശിവക്ഷേത്രത്തിലെ ഊട്ടുപുരയിൽ വെച്ചാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. സ്തനാർബുദം നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ സൗജന്യ പരിശോധനാ ക്യാമ്പ് പരമാവധി ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

