ന്യൂഡൽഹി: ഇന്ത്യയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയുമായുള്ള ബന്ധം അമേരിക്കയുടെ വിദേശനയത്തിൽ നിർണായകമാണെന്നും വ്യാപാരം, പ്രതിരോധം, ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും ഏറ്റവും വലിയ ജനാധിപത്യവുമാണെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ പ്രധാന വാണിജ്യ-വ്യാപാര പങ്കാളികളിലൊന്നായ ഇന്ത്യ ക്വാഡ് സഖ്യത്തിലെ നിർണായക അംഗവും ശക്തമായ തന്ത്രപ്രധാന പങ്കാളിയുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തോടടുത്തതായും റൂബിയോ സൂചിപ്പിച്ചു. കരാർ യാഥാർഥ്യമാക്കാൻ ഏതാനും വിഷയങ്ങളിൽ കൂടി തീരുമാനമെടുക്കേണ്ടതുണ്ടെന്നും ഉടൻ അനുകൂല പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ സന്ദർശനത്തിനെത്തിയ റൂബിയോ മുംബൈയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, വ്യാപാരം, ഊർജം, നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയായി.

