വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള നീക്കത്തിന് പിന്തുണ പ്രഖ്യാപിക്കാതെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇസ്രയേലിലെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ താൽപര്യമില്ലെന്നും അമേരിക്കൻ സ്ഥാനാർഥികൾക്ക് പിന്തുണ നൽകുന്നതിലാണ് തന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി. നെതന്യാഹുവിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാൻസിന്റെ പ്രതികരണം.
മാധ്യമപ്രവർത്തകൻ മാർക്ക് ഹാൽപെറിനുമായുള്ള അഭിമുഖത്തിൽ നെതന്യാഹുവിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ട്രംപിന്റെ പിന്തുണയ്ക്ക് അമേരിക്കയിലും അന്താരാഷ്ട്രതലത്തിലും വലിയ സ്വാധീനമുണ്ടെന്ന് വാൻസ് മറുപടി നൽകി. തുടർന്ന്, അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലാണ് തന്റെ ശ്രദ്ധയെന്നും ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നെതന്യാഹുവിനെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്ന നിലപാടല്ല തന്റേതെന്നും വാൻസ് കൂട്ടിച്ചേർത്തു.
ഇസ്രയേലിൽ ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് വീണ്ടും അധികാരത്തിലെത്താൻ പിന്തുണ നൽകുന്നതായി ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇറാനെതിരായ നീക്കങ്ങളിൽ നെതന്യാഹുവിനെ പ്രധാന പങ്കാളിയെന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിന്റെ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു.
അതേസമയം, വാൻസിന്റെ പ്രതികരണം ട്രംപിന്റെ നിലപാടിൽനിന്ന് വ്യത്യസ്തമാണ്. നേരത്തേ ഹംഗറിയിലെ തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി വിക്ടർ ഓർബാനെ വാൻസ് പരസ്യമായി പിന്തുണച്ചിരുന്നു. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുന്നതിനിടെയാണ് ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കിയത്.

