ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനായി മെച്ചപ്പെടുത്തിയ ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ (LLLR-I) വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (ബിഇഎൽ) 770 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു. ഒക്ടോബർ 21-ന് ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്.
യുദ്ധവിമാനങ്ങളുടെ വലുപ്പമുള്ള ലക്ഷ്യങ്ങൾ മുതൽ മിനി, മൈക്രോ ഡ്രോണുകൾ വരെയുള്ളവ കണ്ടെത്താനും അവയുടെ സഞ്ചാരം നിരീക്ഷിക്കാനും പുതിയ റഡാറുകൾക്ക് കഴിയും. ആകാശത്തുള്ള ലക്ഷ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ആളില്ലാ വ്യോമ സംവിധാനങ്ങൾ ഉയർത്തുന്ന ഭീഷണി നേരിടാൻ സൈന്യത്തിന്റെ വ്യോമപ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം.
പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആർഡിഒ) ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് രൂപകൽപ്പന ചെയ്ത് ബിഇഎൽ നിർമിച്ച അസ്ലേഷ റഡാറിന്റെ നവീകരിച്ച പതിപ്പാണ് എൽഎൽഎൽആർ-ഐ. ഗാലിയം നൈട്രൈഡ് അധിഷ്ഠിത ആക്റ്റീവ് ഇലക്ട്രോണിക്കലി സ്കാൻഡ് അറേ (AESA) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നാല് ഫിക്സഡ് ഫേസ്ഡ്-അറേ പാനലുകളാണ് പുതിയ സംവിധാനത്തിലുള്ളത്. ചലിക്കുന്ന ഭാഗങ്ങളില്ലാതെ 360 ഡിഗ്രി നിരീക്ഷണശേഷിയും ഇതിന് ലഭിക്കും.
വ്യോമപ്രതിരോധ സംവിധാനങ്ങളുടെ തദ്ദേശീയവത്കരണത്തിന് കരാർ സഹായകമാകുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ പ്രതിരോധ ഉൽപ്പാദന മേഖലയ്ക്കും ഇതിലൂടെ പ്രോത്സാഹനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

