വലിയ ഗ്ലാസ് ജനാലകളും ഒബ്സർവേഷൻ ലോഞ്ചും; മധുര – ഗുരുവായൂർ എക്സ്പ്രസിൽ അത്യാധുനിക വിസ്റ്റാഡോം സർവീസ് ആരംഭിച്ചു

കൊല്ലം: പശ്ചിമഘട്ട മലനിരകളുടെയും മലയോര പാതകളുടെയും മനോഹര ദൃശ്യങ്ങൾ ആസ്വദിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കി മധുര – ഗുരുവായൂർ – മധുര എക്സ്പ്രസ് ട്രെയിനിൽ (16327/16328) അത്യാധുനിക വിസ്റ്റാഡോം എസി കോച്ചുകൾ (ഇ.വി ക്ലാസ്) സർവീസ് ആരംഭിച്ചു. ദക്ഷിണ റെയിൽവേ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഈ പ്രത്യേക കോച്ച് വഴി ചെങ്കോട്ട – പുനലൂർ മലയോര പാതയിലെയും പശ്ചിമഘട്ടത്തിലെയും പ്രകൃതിഭംഗി യാത്രികർക്ക് തടസ്സമില്ലാതെ ആസ്വദിക്കാനാകും.

വലിയ ഗ്ലാസ് ജനാലകൾ, ഭാഗികമായി ഗ്ലാസ് നിർമ്മിതമായ സുതാര്യമായ റൂഫ്, കാഴ്ചകളിലേക്ക് തിരിക്കാൻ സാധിക്കുന്ന 360 ഡിഗ്രി റൊട്ടേറ്റബിൾ സീറ്റുകൾ, ട്രെയിനിന്റെ പിന്നിൽ പ്രത്യേക ഒബ്സർവേഷൻ ലോഞ്ച് എന്നിവയാണ് 56 സീറ്റുകളുള്ള ഈ എയർകണ്ടീഷൻഡ് കോച്ചിന്റെ പ്രധാന സവിശേഷതകൾ. 2+2 ലേഔട്ടിലുള്ള ഈ വിസ്റ്റാഡോം യാത്രയ്ക്ക് അടിസ്ഥാന നിരക്ക് 515 രൂപ മുതലാണ് ആരംഭിക്കുന്നത്; പൂർണ്ണ ദൂര യാത്രയ്ക്ക് 1,875 രൂപയാണ് നിരക്ക്.

രാവിലെ 11.30-ന് മധുരയിൽ നിന്ന് പുറപ്പെടുന്ന മധുര–ചെങ്കോട്ട–പുനലൂർ–കൊല്ലം–കോട്ടയം വഴിയുള്ള ഗുരുവായൂർ എക്സ്പ്രസിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കുക. മടക്ക സർവീസായ ഗുരുവായൂർ – മധുര എക്സ്പ്രസിൽ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാകും ഈ സൗകര്യം ലഭ്യമാകുക. ജനുവരി 16 വരെയാണ് നിലവിൽ ഈ പ്രത്യേക സർവീസ് നിശ്ചയിച്ചിട്ടുള്ളത്.

കൊല്ലം-ചെങ്കോട്ട പാതയിലെ ചരിത്രപ്രസിദ്ധമായ പതിമൂന്ന് കണ്ണറ പാലവും സാന്ദ്രമായ വനമേഖലകളും മഞ്ഞുമൂടിയ കുന്നുകളും കണ്ടുകൊണ്ടുള്ള ഈ വേറിട്ട യാത്രയ്ക്കായി ഐ.ആർ.സി.ടി.സി (IRCTC) വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഇ.വി (EV – Executive Vistadome) ക്ലാസ് തിരഞ്ഞെടുത്ത് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *