പാറശ്ശാല: തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാതയിൽ പാറശ്ശാലയ്ക്ക് സമീപം ട്രെയിൻ കടന്നുപോകുന്നതിനിടെ റെയിൽവേ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു. ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസ് കടന്നുപോകുന്നതിനിടെ പാറശ്ശാല ഇലങ്കം ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സംഭവം. മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിനിന്റെ എൻജിൻ ട്രാക്കിൽ നിന്ന് ഭാഗികമായി തെന്നിമാറിയെങ്കിലും ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പ്രദേശത്ത് കഴിഞ്ഞ രാത്രി മുതൽ പെയ്ത അതിശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. അപകടത്തെ തുടർന്ന് തിരുവനന്തപുരം-നാഗർകോവിൽ പാതയിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. താംബരം – തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ഇരാണിയേലിലും, മധുരൈ – പുനലൂർ എക്സ്പ്രസ് പനക്കുടിയിലും, താംബരം – തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് നാഗർകോവിൽ ജങ്ഷനിലും പിടിച്ചിട്ടു.
കൂടാതെ പരശുറാം എക്സ്പ്രസ്, കന്യാകുമാരി-പുനലൂർ പാസഞ്ചർ ട്രെയിനുകൾ, ചെന്നൈ എഗ്മോർ എക്സ്പ്രസ് ഉൾപ്പെടെയുള്ള സർവീസുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. റെയിൽവേ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ട്രാക്കിലെ മണ്ണും കല്ലും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

