ഉപദ്രവിക്കാൻ ശ്രമിച്ച പൂവാലനെ ഒരുകിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി 17-കാരി; പ്രതിയെ പോലീസിന് കൈമാറി

കട്ടപ്പന: കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ഒരുകിലോമീറ്ററോളം പിന്തുടർന്ന് സാഹസികമായി പിടികൂടി പതിനേഴുകാരി. സംഭവത്തിൽ കൊച്ചി സ്വദേശി ജാക്സണെതിരെ കട്ടപ്പന പോലീസ് കേസെടുത്തു. സൈന്യത്തിൽ ചേരുന്നതിനായുള്ള ആർമി പ്രീ-ട്രെയിനിങ് കോഴ്സ് വിദ്യാർത്ഥിനിയും കട്ടപ്പന കുന്തളംപാറ സ്വദേശിനിയുമായ വീണ സജിയാണ് അക്രമിയെ പിടികൂടി പോലീസിലേൽപ്പിച്ചത്.

കട്ടപ്പന മാർക്കറ്റ് ജങ്ഷനിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന വീണയെ മദ്യലഹരിയിലായിരുന്ന പ്രതി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ ഒപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പ്രതി വീണയെ റോഡിലേക്ക് തള്ളിയിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

വീഴ്ചയിൽ കാൽമുട്ടിന് പരിക്കേറ്റെങ്കിലും പിന്മാറാതെ എഴുന്നേറ്റ പെൺകുട്ടി അക്രമിയുടെ പിന്നാലെ ഓടുകയായിരുന്നു. മാർക്കറ്റ് ജങ്ഷനിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരം വരെ ഒരുകിലോമീറ്ററോളം ഇയാളെ പിന്തുടർന്ന വീണ, ബസ് സ്റ്റാൻഡിലെ വ്യാപാരികളുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടെയും സഹായത്തോടെ ഇയാളെ വളഞ്ഞുപിടിച്ചു. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ കട്ടപ്പന പോലീസിന് പ്രതിയെ കൈമാറി. പരിക്കേറ്റ വീണ പ്രാഥമിക ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *