മെൽബൺ: പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം അടിച്ച ശേഷം പണം നൽകാതെ വാഹനം ഓടിച്ചുപോയ വിക്ടോറിയൻ പ്രീമിയർ ബെൻ കരോളിനെ പരിഹസിച്ച് പുതിയ പ്രചാരണ പരസ്യങ്ങളുമായി പ്രതിപക്ഷമായ ലിബറൽ പാർട്ടി രംഗത്ത്. ‘പണം നൽകാൻ മറക്കരുത്’ എന്ന തലക്കെട്ടോടെയാണ് ലിബറലുകൾ പ്രീമിയറെ ലക്ഷ്യമിട്ട് അറ്റാക്ക് പരസ്യങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
പെട്രോൾ പമ്പിൽ നിന്ന് ഏകദേശം 90 ഡോളറിന്റെ ഇന്ധനം നിറച്ച ശേഷമാണ് തുക നൽകാതെ പ്രീമിയറുടെ വാഹനം കടന്നുപോയത്. എന്നാൽ ഇതൊരു അവിചാരിതമായി സംഭവിച്ച പിഴവ് മാത്രമാണെന്നും, പണം നൽകിയിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ മുഴുവൻ തുകയും അടച്ചുതീർത്തതായും ബെൻ കരോൾ വിശദീകരിച്ചു.
നവംബർ 28-ന് വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രീമിയർക്ക് സംഭവിച്ച ഈ വീഴ്ചയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് ലിബറലുകൾ. ലേബർ സർക്കാരിന്റെ കീഴിൽ സംസ്ഥാനത്തുണ്ടായ വിലക്കയറ്റവും ജീവനച്ചെലവ് പ്രതിസന്ധിയും സാമ്പത്തിക കെടുകാര്യസ്ഥതയും ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം ഈ വിഷയം ചർച്ചയാക്കുന്നത്. സാധാരണ ജനങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുമ്പോൾ ഭരണാധികാരികൾക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ മറന്നുപോകുന്നുവെന്ന വിമർശനമാണ് പരസ്യങ്ങളിലൂടെ ലിബറലുകൾ മുന്നോട്ട് വെക്കുന്നത്.

