ടൗൺസ്‌വിൽ: ടാക്സി ഡ്രൈവർമാർക്ക് നേരെയുള്ള തുടർച്ചയായ അക്രമങ്ങളിലും വാഹനങ്ങൾ തകർക്കുന്നതിലും പ്രതിഷേധിച്ച് ക്വീൻസ്‌ലൻഡിലെ ടൗൺസ്‌വില്ലിൽ ടാക്സി ഡ്രൈവർമാർ 24 മണിക്കൂർ പണിമുടക്ക് നടത്തി. ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള ഡ്രൈവർമാരാണ് സർവീസുകൾ നിർത്തിവെച്ച് പണിമുടക്കിൽ പങ്കെടുത്തത്.
കഴിഞ്ഞ ദിവസങ്ങളിൽ ഡ്രൈവർമാർക്ക് നേരെ ഞെട്ടിക്കുന്ന രീതിയിലുള്ള ആക്രമണങ്ങളാണ് അരങ്ങേറിയത്. ഒരു ഡ്രൈവറുടെ തലയിൽ അക്രമികൾ കുപ്പികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു. മറ്റൊരു ഡ്രൈവർക്ക് ആക്രമണത്തിൽ മുഖത്ത് ആറ് തുന്നലുകൾ വേണ്ടിവന്നു. ഇതിനുപുറമെ ടാക്സികൾക്ക് നേരെ കല്ലെറിയുന്നതും വാഹനങ്ങൾ വ്യാപകമായി നശിപ്പിക്കുന്നതും പതിവായി മാറിയിരിക്കുകയാണ്.
‘ഞങ്ങൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുക’ എന്ന ലളിതമായ ഒറ്റ ആവശ്യമാണ് പ്രതിഷേധക്കാർ സർക്കാരിനും പോലീസിനും മുന്നിൽ വെക്കുന്നത്. ജീവൻ പണയം വെച്ച് നിരത്തിലിറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങിയതെന്നും, അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് തൊഴിലിടത്തിൽ ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

