ന്യൂഡൽഹി: ഫ്രാൻസിൽ നടന്ന പ്രതിഷേധങ്ങളും ഇന്ത്യയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവുമായി ഫോക്സ് ന്യൂസ് ഡിജിറ്റൽ റിപ്പോർട്ട്. ഒൻപത് രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 101 സംഘടനകൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയോ പിന്തുണയ്ക്കുകയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നൽകുകയോ ചെയ്യുന്നുവെന്നാണ് റിപ്പോർട്ടിലെ അവകാശവാദം.
ഫ്രാൻസിലെയും ഇന്ത്യയിലെയും പ്രതിഷേധങ്ങൾ തമ്മിലുള്ള സമാനതകൾ ഉയർത്തിക്കാട്ടിയ ഫ്രാൻസ് ആസ്ഥാനമായ ഇന്ത്യൻ അലയൻസ് പാരിസ് (ഐഎപി), പ്രോഗ്രസീവ് ഇന്റർനാഷണൽ തുടങ്ങിയ സംഘടനകളെ റിപ്പോർട്ട് പരാമർശിക്കുന്നു. പ്രതിഷേധങ്ങളുടെ വിവരങ്ങളും സന്ദേശങ്ങളും രാജ്യാന്തരതലത്തിൽ പ്രചരിപ്പിക്കുന്നതിൽ ചില സംഘടനകളും മാധ്യമസ്ഥാപനങ്ങളും പങ്കുവഹിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗവുമായി ബന്ധമുള്ള ചില സംഘടനകളെയും മാധ്യമശൃംഖലകളെയും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. ബ്രേക്ക്ത്രൂ ന്യൂസ്, കോഡ് പിങ്ക് തുടങ്ങിയ സംഘടനകൾ പ്രതിഷേധങ്ങൾക്ക് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുക്കുന്നതിൽ പങ്കുവഹിക്കുന്നുവെന്നാണ് ആരോപണം.

