കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്; ബിനാമി ഇടപാടും അനധികൃത സ്വത്തും പരിശോധിക്കും

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പ്രീ-ഫാബ്രിക്കേറ്റഡ് നിർമാണ കരാറുകളിൽ വൻ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ടെൻഡറില്ലാതെ സ്വകാര്യ കമ്പനിക്ക് 12 കോടിയിലധികം രൂപയുടെ നിർമാണ കരാറുകൾ നൽകിയെന്ന കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസിന്റെ പരാതിയിലാണ് സർക്കാരിന്റെ നടപടി.

പി.പി. ദിവ്യ, ഇവരുടെ ഭർത്താവ് എന്നിവരുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചും അന്വേഷണം നടക്കും. ‘കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനി പി.പി. ദിവ്യയുടെ ബിനാമി ഇടപാടാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. 2021-ൽ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ശേഷമാണ് ഈ കമ്പനി രൂപീകരിച്ചത്. തുടർന്ന് മൂന്ന് വർഷത്തിനിടെ ജില്ലാ പഞ്ചായത്തിന് കീഴിൽ നടന്ന പ്രീ-ഫാബ്രിക്കേറ്റഡ് നിർമാണ കരാറുകളെല്ലാം ടെൻഡർ നടപടികൾ പാലിക്കാതെ ഈ ഒരൊറ്റ കമ്പനിക്കാണ് നൽകിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പരാതിയിന്മേൽ വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് പച്ചക്കൊടി കാട്ടിയത്. സംഭവത്തിൽ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിലെ പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ ലത്തീഫിനെതിരെയും അന്വേഷണം നടത്താൻ നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *