കൊച്ചി: സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അമിതവേഗത്തിനും അപകടകരമായ ഡ്രൈവിങ്ങിനുമെതിരെ എറണാകുളം എൻഫോഴ്സ്മെന്റ് മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന നടത്തി. സ്പീഡ് ഗവർണർ അഴിച്ചുമാറ്റി അമിതവേഗത്തിൽ സർവീസ് നടത്തൽ, ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ പരാതികൾ വ്യാപകമായതിനെ തുടർന്നായിരുന്നു നടപടി. പരിശോധനയിൽ ആകെ 50 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,11,500 രൂപ പിഴ ഈടാക്കുകയും ചെയ്തു.
സ്പീഡ് ഗവർണർ വിച്ഛേദിച്ചതായി കണ്ടെത്തിയ നാല് വാഹനങ്ങളുടെ സർവീസ് നിർത്തിവെക്കാൻ അധികൃതർ നോട്ടീസ് നൽകി. എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തിൽ നാല് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ, ഹൈക്കോടതി പരിസരം, ആലുവ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ മേഖലകളിലാണ് പ്രധാനമായും പരിശോധന കേന്ദ്രീകരിച്ചത്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

