ദുബായ്: നിരത്തുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനാപകടങ്ങൾ തടയുന്നതിനുമായി നഗരവ്യാപക ബോധവൽക്കരണ ക്യാമ്പയിനുമായി ദുബായ് പോലീസ്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പോലീസ് സ്റ്റേഷൻസും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കും സംയുക്തമായാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. കാൽനടയാത്രക്കാരെയും വാഹനമോടിക്കുന്നവരെയും ഗതാഗത നിയന്ത്രണങ്ങൾ, കാൽനടക്കാർക്കായി നിശ്ചയിച്ചിട്ടുള്ള ക്രോസിങ് പോയിന്റുകൾ, ട്രാഫിക് സിഗ്നലുകൾ എന്നിവ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
സീബ്രാ ക്രോസിങ്ങുകൾ അല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർക്കും ട്രാഫിക് സിഗ്നലുകൾ ലംഘിക്കുന്നവർക്കും 400 ദിർഹം (ഏകദേശം ഒൻപതിനായിരത്തോളം ഇന്ത്യൻ രൂപ) പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ദുബായിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലാണ് പരിശോധനയും പ്രചാരണവും ശക്തമാക്കിയിരിക്കുന്നത്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്ന സംസ്കാരം സമൂഹത്തിൽ വളർത്തുന്നതിനുമുള്ള ദുബായ് പോലീസിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പോലീസ് സ്റ്റേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ മജീദ് സുൽത്താൻ അൽ സുവൈദി വ്യക്തമാക്കി. നിശ്ചിത ക്രോസിങ്ങുകൾ മാത്രം ഉപയോഗിക്കുന്നതും റോഡ് മുറിച്ചുകടക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുന്നതും അപകടങ്ങൾ ഒഴിവാക്കാനും മനുഷ്യജീവൻ സംരക്ഷിക്കാനും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

