സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്; ബാഗ് പരിശോധന ആത്മാഭിമാനത്തിന് പോറലേൽക്കാതെയാകണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും മൊബൈൽ ഫോൺ നിയന്ത്രണം ഉൾപ്പെടെയുള്ള കർശന നിർദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. വിദ്യാർഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കൾ കൈവശമില്ലെന്ന് ഉറപ്പാക്കാൻ അധ്യാപകർ ബാഗുകൾ പരിശോധിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ ഇത്തരം പരിശോധനകൾ അനിവാര്യമാണെങ്കിലും, കുട്ടികളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും യാതൊരുവിധ പോറലുമേൽക്കാത്ത രീതിയിലായിരിക്കണം ഇത് നടത്തേണ്ടതെന്നും കമ്മീഷൻ കർശനമായി ഓർമ്മിപ്പിച്ചു.

വിദ്യാർഥികൾ മുടി വളർത്തുന്നതും കളർ ചെയ്യുന്നതും മൊട്ടയടിക്കുന്നതുമെല്ലാം വ്യക്തിപരമായ അവകാശമാണെങ്കിലും അത് സ്കൂൾ അച്ചടക്ക നിബന്ധനകൾക്ക് വിധേയമായിരിക്കണം. ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും കമ്മീഷൻ വിലയിരുത്തി.

സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ പൂർണ അറിവോടെ കൊണ്ടുവരുന്ന ഫോണുകൾ സ്കൂൾ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫ് ചെയ്തു സുരക്ഷിതമായി സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണം. സ്കൂൾ സമയത്ത് കുട്ടികൾ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കണം. അതേസമയം, അച്ചടക്കത്തിന്റെ പേരിൽ കുട്ടികളെ പരസ്യമായി അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.

ഉത്തരവിലെ നിർദേശങ്ങൾ നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ, തദ്ദേശ സ്വയംഭരണവകുപ്പ് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി എന്നിവർ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *