അമ്മാൻ: തെക്കൻ ജോർദാനിലെ കാരക് പ്രവിശ്യയിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിലുണ്ടായ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ അമ്മാനിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയുള്ള പള്ളിയിൽ വിലാപയാത്രയും സംസ്കാര ചടങ്ങുകളും നടക്കുന്നതിനിടെയാണ് ആയുധധാരികളായ രണ്ടുപേർ ആക്രമണം നടത്തിയത്.
പള്ളിയിലേക്ക് ഇരച്ചുകയറിയ അക്രമികൾ ജനക്കൂട്ടത്തിന് നേരെ എ.കെ-47 ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് മിനിറ്റുകളോളം തുടർച്ചയായി വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. വെടിവെപ്പിൽ പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
ആക്രമണത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശം പൂർണമായി വളയുകയും രക്ഷപ്പെട്ട പ്രതികൾക്കായി വ്യാപക തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. സുരക്ഷാ ഏജൻസികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സർക്കാർ വക്താവ് മുഹമ്മദ് അൽ-മൊമാനി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾ വലിയ തോതിൽ അധിവസിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് കാരക്.

