തേങ്കുറിശ്ശി: തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ മുരിങ്ങമല സബ് സെന്റർ പുതിയ കെട്ടിടം ടി.എം. ശശി എം.എൽ.എ. ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്നും 55.7 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം പൂർത്തിയാക്കിയത്.
പ്രദേശവാസികൾക്ക് മെച്ചപ്പെട്ട പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് സബ് സെന്ററിലൂടെ ലക്ഷ്യമിടുന്നത്. മാതൃ-ശിശു ആരോഗ്യപരിചരണം, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ, കുടുംബാസൂത്രണ സേവനങ്ങൾ, ജീവിതശൈലീ രോഗനിർണയവും തുടർചികിത്സയും, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ സേവനങ്ങൾ ഇനിമുതൽ ഈ സബ് സെന്റർ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകും.
ചടങ്ങിൽ തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സംഗീത അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദീപ്തി നായർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുന്ദരൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. വത്സല, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. നിഷ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഗോപാലൻ, വാർഡ് അംഗങ്ങളായ സജീവൻ, ഷിബു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. ബിന്ദു തോമസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. റിയാസ്, ഹെൽത്ത് സൂപ്പർവൈസർ മധുസൂദനൻ എന്നിവർ പങ്കെടുത്തു.

