ഏഷ്യൻ പാരാ ഗെയിംസിന് വർണാഭമായ സമാപനം; ഇന്ത്യക്ക് റെക്കോർഡ് 114 മെഡലുകൾ

നഗോയ: ജപ്പാനിലെ ഐച്ചി–നഗോയയിൽ നടന്ന അഞ്ചാമത് ഏഷ്യൻ പാരാ ഗെയിംസിന് വർണാഭമായ സമാപനം. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ സംഘം 30 സ്വർണം, 35 വെള്ളി, 49 വെങ്കലം ഉൾപ്പെടെ 114 മെഡലുകൾ നേടി. ഇതോടെ ഏഷ്യൻ പാരാ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ നേട്ടം രേഖപ്പെടുത്തി.

ഇരട്ട സ്വർണ മെഡൽ ജേതാക്കളായ നിഷാദ് കുമാറും മോന അഗർവാളുമാണ് സമാപനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ ദേശീയപതാകയേന്തിയത്. ഒരാഴ്ച നീണ്ടുനിന്ന മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി ഇന്ത്യൻ താരങ്ങൾ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.

2023ലെ ഹാങ്ചൗ ഏഷ്യൻ പാരാ ഗെയിംസിൽ നേടിയ 108 മെഡലുകളായിരുന്നു ഇതിനു മുമ്പ് ഇന്ത്യയുടെ മികച്ച നേട്ടം. അന്ന് 27 സ്വർണവും 32 വെള്ളിയും 49 വെങ്കലവും ഉൾപ്പെടെയായിരുന്നു മെഡൽ സമ്പാദ്യം. ഇത്തവണ സ്വർണത്തിന്റെയും വെള്ളിയുടെയും എണ്ണത്തിൽ വർധനയുണ്ടായതോടെ ഇന്ത്യക്ക് പുതിയ റെക്കോർഡ് സ്വന്തമായി.

മെഡൽ പട്ടികയിൽ ചൈനയാണ് ഒന്നാമത്. 207 സ്വർണം, 117 വെള്ളി, 111 വെങ്കലം ഉൾപ്പെടെ 435 മെഡലുകളാണ് ചൈന നേടിയത്. ആതിഥേയരായ ജപ്പാൻ 64 സ്വർണം, 60 വെള്ളി, 62 വെങ്കലം ഉൾപ്പെടെ 186 മെഡലുകളുമായി രണ്ടാം സ്ഥാനത്തെത്തി. 45 സ്വർണം, 49 വെള്ളി, 51 വെങ്കലം ഉൾപ്പെടെ 145 മെഡലുകൾ നേടിയ ഉസ്ബക്കിസ്ഥാൻ മൂന്നാം സ്ഥാനത്തും ഇന്ത്യ നാലാം സ്ഥാനത്തുമാണ്.

2030ൽ ഖത്തറിലെ ദോഹയിലാണ് അടുത്ത ഏഷ്യൻ പാരാ ഗെയിംസ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *