റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോളിൽ അൽ നസറിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയെന്ന് കരുതിയ ഗോൾ താരത്തിന്റെ ഔദ്യോഗിക കരിയർ ഗോൾ അക്കൗണ്ടിൽ ഉൾപ്പെടുത്തിയില്ല. അൽ ഫൈസലിക്കെതിരായ മത്സരത്തിൽ 49-ാം മിനിറ്റിലുണ്ടായ ഗോളാണ് പിന്നീട് അൽ ഫൈസലി താരം ആന്ദ്രേ ജിറോട്ടോയുടെ സെൽഫ് ഗോളായി രേഖപ്പെടുത്തിയത്.
ജാവോ ഫെലിക്സിന്റെ പാസിൽ പന്ത് ഹെഡ് ചെയ്ത റൊണാൾഡോ ഗോൾ നേടിയെന്നു കരുതി ആഘോഷിക്കുകയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പന്ത് ജിറോട്ടോയിൽ തട്ടി വലയിലെത്തിയതോടെ ഗോൾ ആരുടെ പേരിൽ രേഖപ്പെടുത്തണമെന്നതിൽ തർക്കമുണ്ടായി. ചില ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്സ് പ്ലാറ്റ്ഫോമുകൾ ഇത് സെൽഫ് ഗോളായി രേഖപ്പെടുത്തിയപ്പോൾ സൗദി പ്രോ ലീഗിന്റെ ഔദ്യോഗിക കണക്കിൽ റൊണാൾഡോയുടെ പേരിലാണ് ഗോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ ഗോൾ റൊണാൾഡോയുടെ അക്കൗണ്ടിൽ ഉൾപ്പെടുത്താത്ത കണക്കുപ്രകാരം 1,342 മത്സരങ്ങളിൽനിന്ന് 981 ഗോളുകളാണ് താരത്തിനുള്ളത്. കരിയറിലെ 1,000 ഗോളെന്ന നാഴികക്കല്ലിലെത്താൻ ഇനി 19 ഗോളുകൾ കൂടി വേണം.
അതേസമയം, അൽ ഫൈസലിക്കെതിരായ മത്സരത്തിൽ അൽ നസർ 3–1ന് വിജയിച്ചു. വിജയത്തോടെ 10 മത്സരങ്ങളിൽനിന്ന് 25 ഗോളുകളുമായി ടീം ലീഗിൽ രണ്ടാം സ്ഥാനത്തെത്തി.

