ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാനെതിരായ സൈനികാക്രമണം പുനരാരംഭിച്ചാൽ ഗൾഫ് മേഖലയിലെ സമുദ്രാന്തര ഇന്റർനെറ്റ്, ടെലികോം കേബിളുകൾ ആക്രമിക്കാൻ പദ്ധതിയിട്ടതായി ഇറാൻ. ആക്രമണത്തിനുള്ള വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് രണ്ട് മുതിർന്ന ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കേബിളുകൾ തകർക്കുന്നതിനൊപ്പം അവയുടെ അറ്റകുറ്റപ്പണിയും പുനഃസ്ഥാപനവും തടയാനാണ് ഇറാന്റെ നീക്കമെന്നാണ് റിപ്പോർട്ട്. ഇതിലൂടെ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങളിലെ തടസ്സം ദീർഘിപ്പിക്കാനാകുമെന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ ആക്രമണത്തിന്റെ കൃത്യമായ രീതിയോ ലക്ഷ്യമിടുന്ന സ്ഥലങ്ങളോ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഹോർമുസ് കടലിടുക്കിനു താഴെ കടന്നുപോകുന്ന ഏഴ് പ്രധാന ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യമിടാമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐആർജിസി) രാഷ്ട്രീയകാര്യ ഉപമേധാവി യദൊല്ല ജവാനി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ നിലപാട്.
ആഗോള ഇന്റർനെറ്റ് ട്രാഫിക്കിന്റെ ഏകദേശം 99 ശതമാനവും സമുദ്രാന്തര കേബിളുകളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെ അന്താരാഷ്ട്ര ബാൻഡ്വിഡ്ത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് കടന്നുപോകുന്നതെന്ന് ടെലികോം ഗവേഷണ സ്ഥാപനമായ ടെലിജിയോഗ്രഫിയിലെ ഗവേഷണ ഡയറക്ടർ അലൻ മൗൾഡിൻ ചൂണ്ടിക്കാട്ടി. അതിനാൽ ഈ മേഖലയിലെ കേബിളുകൾക്ക് കേടുപാടുണ്ടായാൽ ആഗോളതലത്തിലുള്ള ആഘാതം പരിമിതമായിരിക്കാമെങ്കിലും ഗൾഫ് മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങളെയും സാമ്പത്തിക ഇടപാടുകളെയും ഇ-കൊമേഴ്സിനെയും ക്ലൗഡ് സേവനങ്ങളെയും ബാധിക്കാം.
യുദ്ധസാഹചര്യത്തിൽ കേബിളുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതും വെല്ലുവിളിയാകും. സുരക്ഷാ പ്രശ്നങ്ങൾ, ഇൻഷുറൻസ് ചെലവിലെ വർധന, സമുദ്രാതിർത്തികളിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ എന്നിവ പുനഃസ്ഥാപന പ്രവർത്തനങ്ങൾ വൈകിപ്പിക്കാമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ഗൾഫ് മേഖലയിലെ യുഎസ് ബന്ധമുള്ള ഡേറ്റാ സെന്ററുകളും നിർമിതബുദ്ധി (എഐ) കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിലെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾക്കു നേരെയുള്ള ഭീഷണി അമേരിക്കയുമായുള്ള സംഘർഷത്തിന്റെ പുതിയ തലമായി മാറുമെന്ന ആശങ്കയും ഇതോടെ ശക്തമാകുന്നു.

